കോഴിക്കോട്: ഐലീഗ് കിരീടം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ് സി (ജി കെ എഫ് സി) ഇറ്റാലിയന്‍ പരിശീലകനെ നിയമിച്ചു. കഴിഞ്ഞ സീസണില്‍ കരീബിയന്‍ രാജ്യമായ ബെലീസേയുടെ പരിശീലകനായിരുന്ന വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നിസയെ ആണ് അടുത്ത ഐ ലീഗ് സീസണിലേക്ക് ഗോകുലം നിയമിച്ചത്.
മുപ്പത്തിയഞ്ചുകാരനായ വിന്‍സെന്‍സോ ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാത്വിയ എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിലും സീനിയര്‍ ടീം പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അര്‍മീനിയന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനും ആയിരുന്നു.
പരിശീലകന്‍ ആകുന്നതിന് മുമ്പ് വിന്‍സെന്‍സോ അന്നത്തെ ഇറ്റാലിയന്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ വെനെസിയ എഫ് സിയുടെ മധ്യനിര കളിക്കാരന്‍ ആയിരിന്നു. മറ്റ് മൂന്നു ക്ലബ്ബുകളില്‍ കൂടി അദ്ദേഹം കളിച്ചിട്ടുണ്ട്.
ഇറ്റാലിയന്‍ തേര്‍ഡ് ഡിവിഷന്‍ ക്ലബ്ബായ ആന്‍ഡ്രിയ ബാറ്റ് യങ് എന്ന ക്ലബ്ബില്‍ ആണ് വിന്‍സെന്‍സോ പരിശീലകനായി പ്രവര്‍ത്തനം തുടങ്ങുന്നത്. അവിടെ മൂന്ന് കൊല്ലം പരിശീലകനായിരുന്നു. അതിനു ശേഷം ലാത്വിയ, എസ്റ്റോണിയ, ഘാന, അര്‍മേനിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും പരിശീലകനായി പ്രവര്‍ത്തിച്ചു.
Read Also: ഐ-ലീഗ് മത്സരങ്ങൾ ഇത്തവണ കൊൽക്കത്തയിൽ മാത്രം
”ഗോകുലത്തിന്റെ കോച്ചായി നിയമിച്ചതില്‍ അതിയായ സന്തോഷം. കഴിഞ്ഞ സീസണില്‍ ക്ലബ് മികച്ച ഫുട്‌ബോളാണ് കാഴ്ചവച്ചത്. മികച്ച കളിക്കാരുള്ള ടീമാണ്. ഈ വര്‍ഷം ഐ ലീഗ് നേടുകയാണ് ലക്ഷ്യം,” കോച്ച് വിന്‍സെന്‍സോ പറഞ്ഞു.
നല്ല അനുഭവ സമ്പത്തുള്ള പരിശീലകനാണ് വിന്‍സെന്‍സോയെന്ന് ഗോകുലം കേരള എഫ് സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. ” ചെറുപ്പക്കാരനായ അദ്ദേഹത്തിന് വളരെയധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുണ്ട്. ഈ വര്‍ഷം അദ്ദേഹത്തിലൂടെ കൂടുതല്‍ ട്രോഫികള്‍ നേടാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്,” ഗോപാലന്‍ പറഞ്ഞു. നിലവില്‍ ഡ്യൂറന്റ് കപ്പ് ജേതാക്കളാണ് ഗോകുലം.