ടൂറിൻ: ഇറ്റലിയിലെ ഒന്നാം ലീഗായ സീരിയ ‘എ’ യിൽ കലാപക്കൊടി ഉയർത്തി ഫുട്ബോൾ താരങ്ങൾ. വംശീയഅധിക്ഷേപത്തിനിടെ പ്രതികരിച്ച താരത്തിന് വിലക്ക് ഏർപ്പെടുത്തിയ നടപടിക്ക് എതിരെയാണ് പ്രതിഷേധം. പെസ്കാര എന്ന ടീമിന്റെ താരമായ ഘാനയുടെ സുലി മുണ്ടാരിയെയാണ് ഒരു മത്സരത്തിൽ നിന്ന് വിലക്കിയത്. താരത്തിന് എതിരായ വിലക്ക് പിൻവലിച്ചില്ലെങ്കിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ കളിക്കില്ലെന്നാണ് താരങ്ങളുടെ ഭീഷണി.

കഴിഞ്ഞ ഞായറാഴ്ച ക്ലാഗിരിക്ക് എതിരെ നടന്ന മത്സരത്തിനിടെയാണ് സുലി മുണ്ടാരിക്ക് നേരെ വംശീയ അധിക്ഷേപം ഉണ്ടായത്. ക്ലാഗിരിയുടെ ആരാധകർ കറുത്തവൻ ഫുട്ബോൾ കളിക്കേണ്ട എന്ന മുദ്രാവാക്യങ്ങൾ മുഴക്കി. സുലെ മുണ്ടാരിയുടെ പേര് എടുത്ത് പറഞ്ഞായിരുന്നു കാണികളുടെ അധിക്ഷേപം. കാണികളുടെ ചീത്തവിളിക്ക് എതിരെ റഫറിയോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം ഇടപെട്ടില്ല. വംശീയ പരാമർശങ്ങൾ കാണികൾ തുടർന്നപ്പോൾ മുണ്ടാരി അവരുടെ അടുത്തേക്ക് പോയി സംസാരിച്ചു. തന്റെ തൊലി കറുത്തതാണെങ്കിലും താനും മനുഷ്യനാണ് എന്നാണ് മുണ്ടാരി കാണികളോട് പറഞ്ഞത്. എന്നാൽ അനുവാദമില്ലാതെ കളികളുടെ അടുത്തേക്ക് പോയതിന് റഫറി മുണ്ടാരിക്ക് മഞ്ഞക്കാർഡ് നൽകി. എന്നാൽ പ്രകോപിതനായ മുണ്ടാരി കളി മതിയാക്കി മൈതാനത്ത് നിന്ന് ഡ്രസ്സിങ്ങ് റൂമിലേക്ക് പോയി. എന്നാൽ ഇതിന് റഫറി മുണ്ടാരിക്ക് രണ്ടാം മഞ്ഞക്കാർഡും ചുവപ്പ് കാർഡും സമ്മാനിച്ചു.


മത്സര ശേഷം സിരിയ എ സംഘാടകർ മുണ്ടാരിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. റഫറിയോട് അപമര്യാദയായി പെരമാറി എന്ന കുറ്റത്തിനാണ് നടപടി എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ വംശീയമായ അധിക്ഷേപിക്കപ്പെട്ട മുണ്ടാരിക്ക് നേരെ എടുത്ത നടപടി പിൻവലിക്കണം എന്നാണ് താരങ്ങളുടെ ആവശ്യം. വംശീയ അധിക്ഷേപം നടത്തിയ ക്ലാഗിരി ആരാധകർക്ക് എതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്ന് താരങ്ങൾ ആരോപിക്കുന്നു.

ഇറ്റാലിയൻ ലീഗിൽ ഇതിന് മുൻപും വംശീയ അധിക്ഷേപങ്ങൾ നടന്നിട്ടുണ്ട്. മരിയോ ബലട്ടെല്ലി, ഡാനി ആൽവേസ്, കെവിൻ പ്രിൻസ് ബോട്ടെങ്ങ് എന്നീ താരങ്ങളെയും ഇറ്റാലിയൻ കാണികൾ വംശീയമായി അധിക്ഷേപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ