മോസ്കോ: കളം നിറഞ്ഞ് കളിച്ചിട്ടും കോൺഫെഡറേഷൻസ് കപ്പ് ചിലി കൈവിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ കോപ്പ അമേരിക്ക ചാംപ്യൻമാരായ ചിലിയെ ജർമ്മനിയുടെ രണ്ടാം നിര ടീം 1-0 ന് തോൽപ്പിച്ചു. കളിയുടെ 20ാം മിനിറ്റിൽ സ്റ്റിന്റിലാണ് ജർമ്മനിക്ക് വേണ്ടി ഗോൾ നേടിയത്.

ചിലിയുടെ മാഴ്സലോ ദയസിന്റെ പിഴവിൽ നിന്ന് പന്ത് കൈക്കലാക്കിയ ടിമോ വെർണറാണ് ഗോളിന് വഴിയൊരുക്കിയത്. വെർണറിൽ നിന്ന് പാസ് വാങ്ങിയ മിഡ്ഫീൽഡർ സ്റ്റിന്റിൽ തൊടുത്ത ഷോട്ട് കൃത്യമായി ചിലിയുടെ ഗോൾ വലയ്ക്ക് അകത്തായി.

ഗോളടിക്കാൻ പലകുറി ഷോട്ടുകളുതിർത്തിട്ടും ചിലിക്ക് ലക്ഷ്യം കണ്ടെത്താനായില്ല. ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സമയം പന്ത് കൈവശം വച്ചതും ചിലിയാണ്. ചിലിയുടെ തകർപ്പൻ മുന്നേറ്റങ്ങളെ ഗോളാകാതെ കാത്ത് ജർമ്മൻ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റഗൻ ലോകകപ്പ് ജേതാക്കളുടെ രക്ഷകനായി. ഇതോടെ ഫിഫ റാങ്കിംഗിലും ജർമ്മനി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ