മീസുറ്റ് ഓസിലിന് പിന്നാലെ മറ്റൊരു സൂപ്പര്‍താരം കൂടി ജര്‍മന്‍ ടീമില്‍ നിന്നും വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ മരിയോ ഗോമസാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2007 മുതല്‍ 2018 വരെ ജര്‍മന്‍ മുന്നേറ്റനിരയിലെ സ്ഥിരസാന്നിധ്യമായിരുന്നു ഗോമസ്. 2010, 2018 ലോകകപ്പിന് പുറമേ 2008, 2012 യൂറോ കപ്പുകളിലും പങ്കെടുത്ത ജര്‍മന്‍ സ്ക്വാഡില്‍ ഇടംനേടിയിട്ടുണ്ട് ഗോമസ്. പ്രധാന ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടാനാകുന്നില്ല എന്ന വിമര്‍ശനവും ഗോമസിനെ തേടിയെത്തി.

ജര്‍മന്‍ ക്ലബ്ബായ സ്റ്റുഗാര്‍ട്ടില്‍ കരിയര്‍ ആരംഭിച്ച ഗോമസ് ബയേണ്‍ മ്യൂണിക് അടക്കമുള്ള പ്രമുഖ ജര്‍മന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ടര്‍ക്കിഷ് ക്ലബ്ബായ ബെസിക്റ്റാസ്, ഇറ്റാലിയന്‍ ക്ലബ്ബായ ഫ്ലോറന്റീന എന്നിവയ്ക്ക് വേണ്ടിയും ഗോമസ് ബൂട്ടണിഞ്ഞു.

ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ആഴ്സണല്‍ താരം മീസുറ്റ് ഒസിലും ജര്‍മന്‍ ഫുട്ബോളിനോട്‌ വിടപറഞ്ഞിരുന്നു. വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും വിധേയനായാണ് മിഡ്ഫീൽഡർ മെസ്യൂട് ഓസിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചത്.

ആദ്യ റൗണ്ടിൽ ജർമനി തോറ്റു പുറത്തായതിനു പിന്നാലെ വീണ്ടും ചൂടുപിടിച്ച രാഷ്ട്രീയ– കായിക വിവാദത്തിനൊടുവിലാണ് മെസ്യൂട് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്. മൂന്ന് കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് 9 വര്‍ഷം നീണ്ട ജര്‍മന്‍ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ച വിവരം മെസ്യൂട് ഓസില്‍ അറിയിച്ചത്.

ഓസിലില്‍ നിന്നും വിപിന്നമായി സന്തോഷത്തോടെ തന്നെയാണ് ഗോമസിന്റെ വിടവാങ്ങല്‍.

” ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളില്‍ തോറ്റാണ് പുറത്തായത് എങ്കിലും റഷ്യന്‍ ലോകകപ്പിലൂടെ എനിക്ക് സഫലമായത് വലിയൊരു സ്വപനമാണ്… ഇനി ഒഴിയാന്‍ സമയമായിരിക്കുന്നു.. 2007ല്‍ 21 കാരനായി വന്ന എന്നെപോലെ ഫുട്ബോളിന്റെ ആകാശങ്ങള്‍ കീഴടക്കാന്‍ വരുന്നവര്‍ക്ക് വേണ്ടി ഞാനൊഴിയുന്നു..” ഗോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

മരിയോ ഗോമസ് രാജ്യത്തിന് വേണ്ടി കളിച്ച 78 മത്സരങ്ങളില്‍ നിന്നായി 31 ഗോളുകള്‍ നേടിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ