സെന്റ്പീറ്റേഴ്സ്ബർഗ്: കോ​ണ്‍ഫെ​ഡ​റേ​ഷ​ൻ​സ് ക​പ്പ് ഫൈ​ന​ലി​ൽ ലോ​ക​ചാ​ന്പ്യന്മാ​രാ​യ ജ​ർ​മ​നി​യും ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​പ്പി​ൽ തുടർച്ചയായി ര​ണ്ടു ത​വ​ണ ചും​ബി​ച്ച ചിലെ​യും ത​മ്മി​ൽ മാ​റ്റു​ര​യ്ക്കും.​ പോ​ർ​ച്ചു​ഗ​ലി​നെ ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി​യാ​ണ് ചിലെ ഫൈ​ന​ലി​ൽ പ്രവേശിച്ചതെങ്കിൽ മെ​ക്സി​ക്കോ​യെ ഒ​ന്നി​നെ​തി​രെ നാ​ലു​ ഗോ​ളി​ന് ത​റ​പ​റ്റി​ച്ചാ​ണ് ജ​ർ​മ​നി ഫൈ​ന​ൽ ടി​ക്ക​റ്റ് കരസ്ഥമാക്കിയത്. രാത്രി പതിനൊന്നരക്കാണ് ഫൈനല്‍. പോര്‍ച്ചുഗല്‍- മെക്സിക്കോ ലൂസേഴ്സ് ഫൈനല്‍ വൈകീട്ട് അഞ്ചരക്കാണ്.

ലോക ചാന്പ്യന്മാരെന്ന പകിട്ടുമായാണ് ജര്‍മന്‍ സംഘം റഷ്യയിലെത്തിയത്. ചെറുപ്പക്കാരുടെ നിരയുമായാണ് ഇക്കുറി കോച്ച് ജോക്കിം ലോ ടീമിനെ അണിയിച്ചൊരുക്കിയത്. ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് വിയർത്ത് ജയിച്ചായിരുന്നു ജര്‍മനിയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ ചിലെയോട് ജര്‍മനിക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ തകര്‍ത്ത് ജര്‍മന്‍ സംഘം അവസാന നാലിലെത്തി. മെക്സിക്കോക്കെതിരായ സെമിയില്‍ ആധികാരിക ജയത്തോടെയാണ് ജർമൻ പടയുടെ ഫൈനല്‍ പ്രവേശം.

ടിമോ വെര്‍ണര്‍, ലിയോണ്‍ ഗൊരേറ്റ്സ്ക്ക എന്നിവരുടെ ചടുല മുന്നേറ്റം തടയുക ചിലി പ്രതിരോധനത്തിന് കനത്ത തലവേദനയാകും. നാ​യ​ക​ൻ ജൂ​ലി​യാ​ൻ ഡ്രാ​ക്സ​ല​ർ, സ്റ്റി​ൻ​ഡ​ൽ, റൂ​ഡി​ഗ​ർ, കി​മ്മി​ഷ് തു​ട​ങ്ങി​യ​വ​ർക്കൊപ്പം ഗോ​ളി ടെ​ർ​ സ്റ്റെഗ​ൻ കൂ​ടി ഫോ​മി​ലാ​യാ​ൽ ജ​ർ​മ​നി​യെ ത​ള​യക്കുക പ്രയാസമാകും.

ഗോ​ള​ടി​യ​ന്ത്ര​മാ​യ സാ​ഞ്ച​സ്, മി​ക​ച്ച ഫോ​ർ​വേ​ഡാ​യ വി​ദാ​ൽ എ​ന്നി​വ​രു​ടെ വേ​ഗ​വും ബു​ദ്ധി​വൈഭവവും ഒ​ന്നി​ച്ചാ​ൽ ജ​ർ​മ​ൻ മ​തി​ൽ പി​ള​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലിലാ​ണ് ചി​ലി​യു​ടെ കോ​ച്ച് യു​വാ​ൻ അ​ന്‍റോ​ണി​യോ പി​സി. കൂ​ടാ​തെ റോ​ഡ്രി​ഗ​സ്, ഗി​റ്റ​റ​സ് എ​ന്നി​വ​ർ​കൂ​ടി അ​ണി​ചേ​ർ​ന്നാ​ൽ ത​ങ്ങ​ളാ​വും വി​ജ​യി​ക​ളെ​ന്നു പ്രതീക്ഷിക്കാം ചിലെക്ക്.

പോര്‍ച്ചുഗലിനെതിരെ നായകന്‍ ക്ലോഡിയോ ബ്രാവോയുടെ തകര്‍പ്പന്‍ സേവുകളാണ് ചിലെക്ക് ഫൈനല്‍ സമ്മാനിച്ചത്. മികച്ച ഫോമിലുളള ബ്രാവോയുടെ സാന്നിധ്യം ജര്‍മ്മന്‍ മുന്നേറ്റനിരക്ക് കനത്ത വെല്ലുവിളിയുണ്ടാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ