രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ ചില കായികതാരങ്ങളുടെ ആഘോഷം വിവാദത്തില്‍ മുങ്ങിപ്പോയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ടുള്ള ട്വീറ്റുകളാണ് താരങ്ങളെ വിവാദത്തില്‍ ചാടിച്ചത്. പ്രാധനമന്ത്രിയെ പ്രശംസിച്ച് കൊണ്ട് എല്ലാവരും ട്വീറ്റ് ചെയ്തത് ഒരേ വാക്കുകളായതോടെയാണ് വിവാദമായത്. താരങ്ങളുടെ പ്രശസ്തി മോദി ഉപയോഗിക്കുകയാണെന്നും താരങ്ങള്‍ മോദിയ്ക്കായി പ്രചാരണം നടത്തുകയാണെന്നുമായിരുന്നു വിവാദം.
”ഈ ദീപാവലി ദിനത്തില്‍ സ്ത്രീശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതിയ്ക്ക് ഞാന്‍ നന്ദി പറയുന്നു. ഈ അംഗീകാരം കഠിനാധ്വാനം ചെയ്യാനും രാജ്യത്തിനായി അഭിമാന നേട്ട സ്വന്തമാക്കാനും ഞങ്ങള്‍ക്ക് പ്രചോദനമാണ്” എന്നായിരുന്നു താരങ്ങളെല്ലാവരുടേയും ട്വീറ്റ്. മേരി കോം, പിവി സിന്ധു, മാണിക ബത്ര, സൈന നെഹ്‌വാള്‍ തുടങ്ങിയവരാണ് ഒരേ വാക്കുകള്‍ ട്വീറ്റ് ചെയ്ത് വെട്ടിലായത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് ലക്ഷ്മി പദ്ധതിയെക്കുറിച്ചുള്ളതായിരുന്നു ട്വീറ്റ്.
കൂട്ടത്തില്‍ ഗുസ്തി താരം പൂജ ദണ്ഡയുടെ ട്വീറ്റില്‍ ‘ടെക്സ്റ്റ്’ എന്ന ഭാഗം ഡിലീറ്റ് ചെയ്യാന്‍ മറന്നിരുന്നു. ഇതോടെയാണ് എല്ലാവര്‍ക്കും ഒരേ വാചകങ്ങള്‍ നല്‍കുകയായിരുന്നുവെന്നും പിന്നീട് താരങ്ങള്‍ അത് പകര്‍ത്തി ട്വീറ്റ് ചെയ്യുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നത്. താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി.
സംഭവം വിവാദമായതോടെ മേരി കോമും ഗീതാ ഫോഘട്ടും പൂജ ധണ്ഡയും തങ്ങളുടെ ട്വീറ്റുകള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഗീത ഇതേ വിഷയം തന്നെ മറ്റൊരു ട്വീറ്റായി പോസ്റ്റ് ചെയ്തിട്ടുണ്ട്.