ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. മെൽബണിൽ നടന്ന അവസാന മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ കിരീടമുയർത്തിയത്. എന്നാൽ ഇന്ത്യക്ക് കിരീടം മാത്രമാണ് ലഭിച്ചതെന്നും ധോണിക്കും ചാഹലിനും സമ്മാനത്തുക വളരെ കുറഞ്ഞുപോയെന്നും ചൂണ്ടികാട്ടി വലിയ വിമർശനമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നേരിടുന്നത്. മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കറാണ് ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ ആദ്യം ആഞ്ഞടിച്ചത്.

കളിയിലെ താരമായ യുസ്‍വേന്ദ്ര ചാഹലിനും പരമ്പരയുടെ താരമായ എംഎസ് ധോണിക്കും 500 യു എസ് ഡോളർ അതായത് 35000 ഇന്ത്യൻ രൂപ മാത്രമാണ് സമ്മാനത്തുകയായി ലഭിച്ചത്. നിരവധി സ്പോൺസർമാരുണ്ടായിട്ടും സമ്പന്നരായ ക്രിക്കറ്റ് സംഘടനയായിട്ടും ക്രിക്കറ്റ് ഓസ്ട്രേലിയ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

“വിജയികൾക്ക് ട്രോഫി മാത്രം നൽകിയത് എന്ത് നാണക്കേടാണ്. ബ്രോഡ്കാസ്റ്റിങ്ങിലൂടെ വലിയ തുക സംഘടകർക്ക് ലഭിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് കളിക്കാർക്ക് സമ്മാനത്തുക നൽകാത്തത്? കളിക്കാരാണ് വലിയ വരുമാനം നൽകുന്നത്. അതുകൊണ്ട് തന്നെ അവർക്ക് അതിന്റെ പ്രതിഫലം ലഭിക്കണം,” ഗവാസ്കർ പറഞ്ഞു.

ഇതിന് പിന്നാലെ ക്രിക്കറ്റ് ആരാധകർ വിഷയം ഏറ്റെടുക്കുകയായിരുന്നു. ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ തകർപ്പന്‍ ജയം സ്വന്തമാക്കി. ഓസ്ട്രേലിയ ഉയർത്തിയ 231 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കവെ ഇന്ത്യ മറി കടക്കുകയായിരുന്നു. 48.4 ഓവറിൽ 230 റൺസിന് ഓസീസ് ബാറ്റ്സ്‌മാന്മാർ എല്ലാവരും പുറത്തായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook