രാജ്യാന്തര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുകയാണ്. ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ ടീം പരമ്പര വിജയം ആവർത്തിച്ചു. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇനി ടി20 പരമ്പരയ്ക്ക് ഇറങ്ങുമ്പോഴും ഇന്ത്യയുടെ വിജയക്കുതിപ്പ് തന്നെയാണ് കിവികൾക്ക് വെല്ലുവിളി ഉയർത്തുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും കമന്രേറ്ററുമായ സുനിൽ ഗവാസ്കറിനും പരമ്പര ഇന്ത്യ നേടുമെന്ന കാര്യത്തിൽ സംശയമില്ല. സ്റ്റാർ സ്പോർട്സിനോടായിരുന്നു ഗവാസ്കറിന്റെ പ്രതികരണം. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ഇന്ത്യയും ഒരു മത്സരം കിവികളും ജയിക്കുമെന്നാണ് ഗവാസ്കർ പറയുന്നത്.

എന്നാൽ കണക്കുകൾ ഇന്ത്യയ്ക്ക് അനുകൂലമല്ല. ന്യൂസിലൻഡിൽ ആകെ കളിച്ച ഒമ്പത് ടി20 മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. ഇത് രണ്ടാം തവണ മാത്രമാണ് ഇന്ത്യ ന്യൂസിലൻഡിൽ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

വിരാട് കോഹ്‍ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ബാറ്റിങ് നിരയും ബോളിങ് നിരയും ഫോമിലാണെന്നത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകുന്നു. രോഹിത് ശർമ്മയും ശിഖർ ധവാനും തന്നെയാകും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യുക. കോഹ്‍ലിക്ക് പകരം മൂന്നാമനായി യുവതാരം ശുഭ്മാൻ ഗില്ലിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ഋഷഭ് പന്തും ധോണിയും ടീമിലുണ്ടാകുമെങ്കിലും വിക്കറ്റിന് പിന്നിൽ ധോണിയാകും ഗ്ലൗസണിയുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook