ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇതിനോടകം തന്നെ ഇന്ത്യ ഒന്നിലധികം പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം റിഷഭ് പന്ത് ഓപ്പണിങ്ങിനിറങ്ങിയതായിരുന്നു എല്ലാവരേയും ഞെട്ടിച്ച ഒന്ന്. പന്തിനെ ഓപ്പണിങ്ങിനിറക്കി കെ.എല്‍.രാഹുലിനെ നാലാമനാക്കിയതിനോട് അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍.
“സത്യം പറയാമല്ലോ, റിഷഭ് ഓപ്പണറായി എത്തിയത് അപ്രതീക്ഷിതമായിരുന്നു. മത്സരത്തിന്റെ സാഹചര്യമനുസരിച്ച് പന്ത് ആറ് അല്ലെങ്കില്‍ ഏഴാം സ്ഥാനത്തിറങ്ങുന്നതാണ് ഉചിതമെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ഫിനിഷറുടെ റോളാണ് പന്ത് നിര്‍വഹിക്കേണ്ടത്. രാഹുല്‍ രോഹിതിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങണം, സുര്യകുമാര്‍ യാദവ് നാലാമനായും എത്തണം,” ഗവാസ്കര്‍ തന്റെ അഭിപ്രായം വ്യക്തമാക്കി.
“അഞ്ചാം സ്ഥാനക്കാരനായി പന്തിനെ പരിഗണിക്കാം. പിന്നാലെ വാഷിങ്ടണ്‍ സുന്ദര്‍. ഒരു കാര്യ നാം മറക്കരുത്. രവീന്ദ്ര ജഡേജയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് ഇപ്പോള്‍ മനസിലാകുന്നുണ്ടാകാം. അയാള്‍ റണ്‍സ് വേഗത്തില്‍ സ്കോര്‍ ചെയ്യാന്‍ കഴിയും. മികച്ച ഫീല്‍ഡറും മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ എടുക്കാനും കഴിവുള്ള ബോളറാണ് ജഡേജ. താരത്തിന്റെ വിടവ് പ്രകടമാണ്,” ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാം ഏകദിനവും വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 238 റണ്‍സാണ് വിന്‍ഡീസിന് വിജയലക്ഷ്യമായി നല്‍കിയത്. പ്രസീദ് കൃഷ്ണയുടെ ബോളിങ് മികവില്‍ വിന്‍ഡീസിനെ 193 റണ്‍സിനൊതുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഒന്‍പത് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് പ്രസീദ് നേടിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും പ്രസീദ് തന്നെ.
Also Read: ഐപിഎൽ: ഹാർദിക് പാണ്ഡ്യ നയിക്കുന്ന അഹമ്മദാബാദ് ടീമിന് പേരായി; ഗുജറാത്ത് ടൈറ്റൻസ്