ധര്‍മശാല: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ പ്രകടനത്തോടെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഏറക്കുറെ ഉറപ്പിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ബാറ്റിങ് നിരയില്‍ താരം ഏത് സ്ഥാനത്തിറങ്ങുമെന്ന കാര്യത്തില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിര സംബന്ധിച്ച് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് സുനില്‍ ഗവാസ്കര്‍.
“വിരാട് കോഹ്ലിയെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ല. കോഹ്ലി മൂന്നാമതായി ഇറങ്ങും. ശ്രേയസ് അയ്യരിനെ നാലാം സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്. ഇപ്പോഴത്തെ പ്രകടനം വച്ച് വിലയിരുത്തുകയാണെങ്കില്‍ സൂര്യകുമാര്‍ അഞ്ചാം സ്ഥാനത്തെത്തുന്നതായിരിക്കും ഉചിതം,” ഗവാസ്കര്‍ പറഞ്ഞു. നല്ല ബാറ്റിങ് നിരയുണ്ടെങ്കില്‍ മികച്ച ബോളര്‍മാരെയും ഉള്‍പ്പെടുത്താമെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
“നിരവധി ഓപ്ഷനുകള്‍ നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ബോളര്‍മാരെ മാത്രം തിരഞ്ഞെടുക്കാന്‍ കഴിയും. ബാറ്റ് ചെയ്യുന്ന ബോളര്‍മാരുടെ ആവശ്യം ഒഴിവാക്കാം. നല്ല ബാറ്റിങ് നിരയാകുമ്പോള്‍ മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍ എന്നിവരെ പരിഗണിക്കാം. ശാര്‍ദൂല്‍ താക്കൂര്‍, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരിലേക്ക് പോകേണ്ട ആവശ്യം വരുന്നില്ല,” ഗവാസ്കര്‍ വിശദീകരിച്ചു.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര മാര്‍ച്ച് നാലിനാണ് ആരംഭിക്കുന്നത്. തൊട്ടുപിന്നാലെ തന്നെ താരങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമാകും. ടൂര്‍ണമെന്റിന് ശേഷം ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
Also Read: India vs Sri Lanka 3rd T20I: മൂന്നാം മത്സരത്തിലും തകർപ്പൻ ജയം; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ