വിജയ് ഹാസര ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ നിറഞ്ഞാടിയപ്പോൾ കേരളത്തിന് നാണംകൊട്ട തോൽവി. 165 റൺസിന്റെ വിജയമാണ് കേരളത്തിന് മേൽ ഡൽഹി നേടിയത്. അതിവേഗം 151 റണ്‍സ് ഡൽഹി സ്കോർബോർഡിൽ കൂട്ടിച്ചേർത്ത ഗംഭീറിന്റെ മികവിൽ 392 റൺസ് ഡൽഹി അടിച്ചുകൂട്ടുകയായിരുന്നു.

മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അർദ്ധസെഞ്ചുറി നേടിയ ജഗദീശിന്റെയും 47 റൺസ് വീതം നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും സഞ്ജു സാംസണിന്റെയും ഇന്നിങ്സാണ് കേരളത്തിന്റെ പരാജയ ആഘാതം കുറച്ചത്.

71 പന്തില്‍ സെഞ്ചുറി തികച്ച ഗൌതം ഗംഭീർ 104 പന്തില്‍ 18 ബൗണ്ടറികളുടെയും നാല് സിക്‌സുകളുടെയും അകമ്പടിയോടെയുമാണ് 151 റണ്‍സ് എടുത്തത്. ടീം സ്കോർ 295 ൽ നിൽക്കുമ്പോൾ താരം റിട്ടേഡ് ഔട്ടാകുകയായിരുന്നു. ന്യൂഡല്‍ഹിയിലെ ഫിറോഷ്‌ലാ കോട്‌ല ഗ്രൗണ്ടിലായിരുന്നു മത്സരം.

രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡൽഹി 392 റണ്‍സ് അടിച്ചെടുത്തത്. ഒന്നാം വിക്കറ്റില്‍ 172 റണ്‍സ് ചേർത്ത കൂട്ടുകെട്ട് 69 റൺസെടുത്ത ഉന്മൂക്ത് ചന്ദിനെ പുറത്താക്കി ജഗദീഷാണ് തകർത്തത്. പിന്നാലെ ഗംഭീര്‍ മടങ്ങിയെങ്കിലും 69 പന്തില്‍ 99 റണ്‍സെടുത്ത ധ്രുവ് ഷോറെയും, 34 പന്തില്‍ 48 റണ്‍സുമായി പ്രാന്‍ഷു വിജയനും ഡൽഹി സ്കോർ 392ൽ എത്തിക്കുകയായിരുന്നു.

സന്ദീപ് വാര്യറാണ് കേരള ബോളിങ് നിരയിൽ ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്. 10 ഓവറില്‍ 70 റണ്‍സാണ് വാര്യര്‍ക്കെതിരെ ഡൽഹി ബാറ്റ്സമാന്മാർ അടിച്ചുകൂട്ടിയത്. ഡല്‍ഹി റൺനിരക്ക് കുറക്കാൻ എട്ട് ബോളർമാരെയാണ് കേരളം നിരത്തിയത്. എന്നാൽ മനോഹരനും ജഗതീഷിനും മാത്രമേ കേരളത്തിനായി ഓരോ വിക്കറ്റുകള്‍ വീതമെങ്കിലും വീഴ്ത്താൻ സാധിച്ചുള്ളു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook