ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളും ആരംഭിച്ചിരുന്നു. ലോകകപ്പ് ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന അമ്പാട്ടി റായിഡുവിന്റെയും യുവതാരം ഋഷഭ് പന്തിന്റെയും അപ്രതീക്ഷിത ഒഴിവാക്കലാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ഇപ്പോൾ അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയ തീരുമാനം ഹൃദയം തകർക്കുന്നതാണെന്ന് ഗംഭീർ പറഞ്ഞു.
“ഋഷഭ് പന്തിനെ ഒഴിവാക്കിയതിൽ പ്രത്യേകിച്ച് സംസാരത്തിന്റെ ആവശ്യമില്ല. ഏകദിന ക്രിക്കറ്റിൽ 48 റൺസ് ശരാശരിയിൽ ബാറ്റ് ചെയ്യുന്ന 33 വയസ് മാത്രം പ്രായമുള്ള അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയ തീരുമാനം മറ്റേത് സെലക്ഷനേക്കാളും എനിക്ക് ഹൃദയം തകർക്കുന്നതായിരുന്നു” ഗംഭീർ പറഞ്ഞു.
Also Read: അമ്പാട്ടി റയ്ഡുവിനെ ഒഴിവാക്കി എന്തുകൊണ്ട് വിജയ് ശങ്കർ? മുഖ്യ സെലക്ടർ വ്യക്തമാക്കുന്നു
രണ്ട് ലോകകപ്പ് ഇന്ത്യയ്ക്ക് നേടി തരുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഗംതം ഗംഭീർ. 2007 ൽ ടി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും ഇന്ത്യ നേടിയപ്പോൾ തിളങ്ങിയത് ഗംഭീറായിരുന്നു. 2011ലോകകപ്പിൽ 393 റൺസ് നേടിയ ഗംഭീർ ഫൈനൽ പോരാട്ടത്തിൽ 97 റൺസിനാണ് പുറത്തായത്.
Also Read: പന്തില്ലാത്ത ലോകകപ്പിനുള്ള ഇന്ത്യൻ ടീം; പ്രതിഷേധവുമായി ആരാധകർ
ലോകകപ്പിന് മുന്നോടിയായി ഗംഭീർ തിരഞ്ഞെടുത്തിരുന്ന സാധ്യത ടീമിൽ അമ്പാട്ടി റായിഡു ഇടംപിടിച്ചിരുന്നു. പന്തിനെ ഒഴിവാക്കിയ ഗംഭീർ അന്ന് ജഡേജയെയും തന്റെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ബിസിസിഐ പ്രഖ്യാപിച്ച അന്തിമ ലോകകപ്പ് ടീമിൽ ജഡേജ ഇടംപിടിക്കുകയും ചെയ്തു. ജഡേജയ്ക്ക് പകരം ഓഫ് സ്പിന്നർ ആർ.അശ്വിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ഗംഭീർ അന്ന് ആവശ്യപ്പെട്ടത്.
Also Read: പന്തും ജഡേജയും വേണ്ട; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഗംഭീർ
ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ എപ്രിൽ 15നാണ് പ്രഖ്യാപിച്ചത്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അഞ്ചംഗ സെലക്ഷന് കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. മേയ് 30 നാണ് ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുക.