ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ക്രിക്കറ്റ് പ്രേമികളെല്ലാം ചര്‍ച്ച ചെയ്യുന്നത് മുന്‍ നായകന്‍ എം.എസ്.ധോണിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെ കുറിച്ചാണ്. ധോണി വിരമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ധോണിയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍.

ധോണി ഒരുപാട് സമയമെടുക്കുന്നുവെന്നും ഇത് മറ്റ് ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നുമായിരുന്നു ഗംഭീര്‍ പറഞ്ഞത്. ധോണി ഒരുപാട് ഡോട്ട് ബോളുകള്‍ കളിക്കുന്നുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു.

”ധോണി ഒരുപാട് ഡോട്ട് ബോളുകള്‍ കളിക്കുന്നു. അത് മറ്റ് ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ധത്തിലാക്കുന്നു. ധോണി ഇങ്ങനെ ബാറ്റ് ചെയ്യുന്നത് മുമ്പ് കണ്ടിട്ടില്ല. അദ്ദേഹം കൂറേക്കൂടി ആക്ടീവ് ആയി ബാറ്റ് ചെയ്യണം. മോയിന്‍ അലിയുടേയും ആദില്‍ റാഷിദിന്റെ ബോളിങ് പോലെ തന്നെ ധോണിയുടെ ബാറ്റിങ്ങും ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്,” ഗംഭീര്‍ പറയുന്നു.

പൊതുവെ മെല്ല തുടങ്ങി പിന്നീട് കത്തിക്കയറുന്നതാണ് ധോണിയുടെ ശൈലി എന്നാല്‍ ഇപ്പോള്‍ ആ ധോണിയെ കാണാനില്ല. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍. ധോണി ക്രീസിലുണ്ടെങ്കില്‍ സ്‌കോര്‍ 270-280 വരെ എത്തേണ്ടതാണ്. എന്നാല്‍ അദ്ദേഹത്തിന് ഇന്നിങ്സ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook