ഗൗതം ഗംഭീറെന്ന പേരു മനസിലേക്ക് കൊണ്ടു വരിക 2007 ലെ ട്വന്റി-20 ലോകകപ്പിന്റേയും 2011 ലെ ഏകദിന ലോകകപ്പിന്റേയും ഫൈനലുകളായിരിക്കും. അന്ന് വിയര്‍ത്തുകുളിച്ച് ഗംഭീര്‍ നേടിയ റണ്‍സുകളായിരുന്നു ഇന്ത്യയ്ക്ക് കിരീടം നേടി തന്നതെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല. എന്നാല്‍ മൂന്നാമത്തെ ചിത്രം പക്ഷെ മറ്റൊന്നായിരിക്കും.

അത്, കളി ജയിപ്പിച്ച 150 റണ്‍സ് നേടിയതിന് ശേഷം ഈഡന്‍ ഗാര്‍ഡനെ സാക്ഷി നിര്‍ത്തി തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് വേണ്ടെന്ന് പറഞ്ഞതായിരിക്കും. അന്ന് തനിക്ക് പകരം ആ ട്രോഫി മറ്റൊരാള്‍ക്ക് നല്‍കണമെന്ന് ഗംഭീര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ നീല ആകാശത്തിലേക്ക് കാലെടുത്തു വെച്ച വിരാട് കോഹ്ലിയുടെ പേരാണ് അന്ന് ഗംഭീര്‍ പറഞ്ഞത്. തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടിയ വിരാടായിരുന്നു മാന്‍ ഓഫ് ദ മാച്ചിന് തന്നേക്കാള്‍ അര്‍ഹനെന്ന് ഗംഭീര്‍ പറഞ്ഞു.

കണ്ടു നിന്നവരെല്ലാം ഒരു നിമിഷമൊന്ന് അമ്പരന്നു. പിന്നീട് ഗംഭീറിന്റെ മാന്യതയ്ക്കും കോഹ്ലിയുടെ നേട്ടത്തിനും അവര്‍ കൈയ്യടിച്ചു. തുടക്കക്കാരന്റെ ആ സെഞ്ച്വറിക്ക് അന്നത്തെ മത്സരത്തില്‍ വലിയ വിലയുണ്ടായിരുന്നു. എതിരാളികളായ ശ്രീലങ്ക നേടിയത് 315 റണ്‍സായിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടായ സച്ചിനേയും സെവാഗിനേയും ലക്മല്‍ നേരത്തേ തന്നെ പുറത്താക്കിയിരുന്നു. പിന്നീട് ഒരു വശത്ത് കോഹ്ലിയും മറുവശത്ത് ഗംഭീറും നിന്നു പൊരുതിയാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. ഗംഭീറിനത് പരിചിതമായൊരു റോളായിരുന്നുവെങ്കില്‍, ഇന്ത്യയ്ക്ക് വേണ്ടി നടത്താനിരുന്ന അനവധി രക്ഷാപ്രവര്‍ത്തന ദൗത്യങ്ങളുടെ തുടക്കമായിരുന്നു വിരാടിന് അത്.

വെറും 21 വയസ് മാത്രമേ വിരാടിന് അന്ന് പ്രായമുണ്ടായിരുന്നുളളു. 107 റണ്‍സെടുത്ത് കോഹ്ലി പുറത്തായെങ്കിലും ഗംഭീര്‍ ഇന്ത്യയ്ക്ക് വിജയം നേടി കൊടുത്തതിന് ശേഷമാണ് മൈതാനം വിട്ടത്. വിരാട് മറുവശത്തുണ്ടായിരുന്നത് കൊണ്ട് തനിക്ക് മേല്‍ സമ്മര്‍ദ്ദമില്ലായിരുന്നുവെന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.

പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് വിരാട് കോഹ്ലിയെന്നും ഗൗതം ഗംഭീറെന്നും കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക രണ്ടു പേരും പരസ്പരം കൊമ്പു കോര്‍ത്തതാണ്. ഐപിഎല്‍ മത്സരത്തിനിടെയായിരുന്നു ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്. കൊല്‍ക്കത്തയുടെ ക്യാപ്റ്റനായി ഗംഭീറും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നായകനായി കോഹ്ലിയും കളിക്കുന്നതിനിടെയാണ് ഇരുവരും മൈതാനത്തു വച്ച് ഏറ്റുമുട്ടിയത്. ഗംഭീറിന് ഇന്ത്യന്‍ ടീമിന് പുറത്തേക്ക് വഴി തെളിക്കുന്നതിന് വരെ ആ സംഭവം കാരണമായെന്ന് വിലയിരുത്തുന്നവര്‍ വരെയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook