ഇന്ത്യയുടെ എക്കാലത്തെയും മികച്ച് ഓപ്പണിങ് ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ഗൗതം ഗംഭീർ. മികച്ച ബാറ്റിങ് പ്രകടനവുമായി ഒരു കാലത്ത് ഇന്ത്യൻ ജെഴ്സിയിൽ തിളങ്ങിയ താരത്തിന് പക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി ടീമിലിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഗംഭീറിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട വാർത്തകൾ സജീവമാകുന്നതിന് ഇടയിലാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് താരം വ്യക്തമാക്കിയത്.

ഗംഭീറിന്റെ വാക്കുകൾ ഇങ്ങനെ- “ഇപ്പോഴും എനിക്ക് റൺസ് നേടാൻ സാധിക്കുന്നുണ്ട്. റൺസ് നേടുന്നതും, ജയിക്കാൻ സാധിക്കുന്നതും എല്ലാം എനിക്ക് സന്തോഷം നൽകുന്നുണ്ട്. ഞാൻ സംതൃപ്തനുമാണ്. ഈ അവസ്ഥയിലായിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഇത് തുടരാൻ തന്നെയാണ് എന്റെ തീരുമാനവും. ആ സന്തോഷം എന്ന് ഇല്ലാതെയാകുന്നുവോ അന്നേ വിരമിക്കാൻ സമയമാകൂ എന്നാണ് ഞാൻ കരുതുന്നത്.”

2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്ക് കിരീടം നേടി തന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് ഗംഭീർ. 2004ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ത്യക്കായി 58 ടെസ്റ്റ് മത്സരങ്ങളിലും, 147 ഏകദിന മത്സരങ്ങളിലും 37 ടി20 മത്സരങ്ങളിലും പാഡ് അണിഞ്ഞിട്ടുണ്ട്. 2016 ന് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനായിട്ടില്ലെങ്കിലും അഭ്യന്തര മത്സരങ്ങളിലെ സജീവ സന്നിധ്യമാണ് ഈ ഇടം കൈയ്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ.

ഡൽഹി ടീം നായകൻ കൂടിയായ ഗംഭീർ തകർപ്പൻ പ്രകടനങ്ങളിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ സെമിഫൈനലിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ദിനത്തിൽ സെഞ്ചുറി നേട്ടത്തിലൂടെയായിരുന്നു ഗംഭീർ ഡൽഹിയെ സെമിയിലെത്തിച്ചത്. 72 പന്തുകളിൽ നിന്നുമായിരുന്നു ഗംഭീർ 104 റൺസെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook