മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ നായക മികവു കൊണ്ടും പെരുമാറ്റം കൊണ്ടും കൈയ്യടി നേടിയ കളിക്കാരനാണ് ഗൗതം ഗംഭീർ. കരിയറിന്റെ തുടക്കകാലത്ത് കളിക്കളത്തിലെ ഗംഭീറിന്റെ ചൂടൻ സ്വഭാവം ഏറെ ചർച്ചയായിരുന്നു. അതിൽനിന്നും കളിക്കളത്തിലെ മാന്യതയുളള താരമായി ഗംഭീർ മാറി. താരത്തിന്റെ ഈ മാറ്റം ഏവരുടെയും പ്രശംസയും നേടിക്കൊടുത്തു. എന്നാൽ ഇവയൊക്കെ തച്ചുടച്ചിരിക്കുകയാണ് ഗംഭീർ.

ഡല്‍ഹിയും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെയായിരുന്നു ഏവരെയും വിസ്മയിപ്പിച്ചുകൊണ്ടുളള ഗംഭീറിന്റ പെരുമാറ്റം ഉണ്ടായത്. മത്സരത്തിന്റെ രണ്ടാം ദിവസമായിരുന്നു സംഭവം. ഒന്നാം ഇന്നിങ്സില്‍ ബംഗാള്‍ ഉയര്‍ത്തിയ 286 റണ്‍സിനെതിരെ ഡല്‍ഹി ശക്തമായ നിലയിൽ ആയിരുന്നു. ഗംഭീര്‍ സെഞ്ചുറി നേടുകയും ചെയ്തു. വിക്കറ്റൊന്നും നഷ്ടമാകാതെ ഡല്‍ഹി 174 റൺസിൽ എത്തി നിൽക്കുമ്പോഴായിരുന്നു സംഭവം.

ബംഗാള്‍ ബോളര്‍ ആമിര്‍ ഗനി എറിഞ്ഞ പന്ത് ഗംഭീറിന്റെ ബാറ്റില്‍ കൊണ്ട് കീപ്പര്‍ ശ്രീവാത്സ് ഗോസ്വാമിയുടെ കൈയിലെത്തി. വിക്കറ്റെന്ന് ഉറപ്പിച്ച് ബംഗാൾ താരങ്ങൾ ആഹ്ലാദിച്ചു. എന്നാൽ അംപയർ നോട്ട്ഔട്ട് എന്നു വിധിച്ചു. അംപയറുടെ തീരുമാനം തെറ്റാണെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. അംപയറുടെ തീരുമാനം തെറ്റാണെന്ന് മനസ്സിലാക്കിയിട്ടും ഗംഭീർ ക്രീസ് വിടാൻ തയ്യാറായില്ല.

ഗംഭീറിന്റ ഈ പ്രവൃത്തി ക്രിക്കറ്റ് ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തി. അംപയറുടെ തീരുമാനം അന്തിമമാണെങ്കിലും ഗംഭീറിനെപ്പോലൊരു മുതിർന്ന താരം സ്വയം ഔട്ട് ആണെന്ന് പറയണമായിരുന്നെന്നാണ് ഏവരും പറയുന്നത്. മറ്റു താരങ്ങൾക്ക് മാതൃകയാവേണ്ട ഗംഭീർ തന്നെ ഇങ്ങനെ കാണിച്ചത് ശരിയല്ലെന്നാണ് ചിലരുടെ പക്ഷം. ക്രീസ് വിടാൻ തയ്യാറാവാതിരുന്ന ഗംഭീറിനെതിരെ സോഷ്യൽ മീഡിയയിലും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ