ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കായികക്ഷമത അളക്കുന്ന പരീക്ഷണമാണ് യോയോ ടെസ്റ്റ്. ഓട്ടവും ചാട്ടവും ഒക്കെയുളള കടമ്പ കടന്നവരെ മാത്രമാണ് ടീമില്‍ ഉള്‍പ്പെടുത്താറുളളത്. ടീമിലെത്താന്‍ 16.1 എന്ന സ്കോറാണ് താരങ്ങള്‍ നേടേണ്ടത്. ഈ ടെസ്റ്റില്‍ പരാജയപ്പെട്ട അമ്പാട്ടി റായുഡുവിനെ ഈ അടുത്ത് ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ച റായിഡു എന്നാല്‍ യോയോ ടെസ്റ്റില്‍ പരാജയപ്പെടുകയായിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോയോ ടെസ്റ്റില്‍ പാസായവരായിരുന്നു. കോഹ്ലി ക്യാപ്റ്റനായി വന്നതിന് പിന്നാലെ കളിക്കാരുടെ ഫിറ്റ്നസിനും ഏറെ പ്രാധാന്യം നല്‍കിയിരുന്നു. താരങ്ങളെല്ലാം കഠിന വ്യായാമത്തിലേര്‍പ്പെട്ടാണ് യോയോ ടെസ്റ്റിനായി തയ്യാറെടുത്തത്. എന്നാല്‍ ടീം സെലക്ഷന് യോയോ ടെസ്റ്റ് മാനദണ്ഡം ആയതിനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് മാനേജ്മെന്റ് ടെസ്റ്റ് നിര്‍ബന്ധമാക്കി.

മകളുടെ സഹായത്തോടെ യോയോ ടെസ്റ്റിനെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മകളായ ആസീന്‍ കോണ്‍ഡ്രില്‍ അടക്കമുളള വ്യായാമങ്ങള്‍ ചെയ്യുന്ന വീഡിയോ ആണ് ഗംഭീര്‍ പുറത്തുവിട്ടത്. ‘യോയോ ടെസ്റ്റ്’ എന്നാണ് അദ്ദേഹം ഇതിന് പേരിട്ടിരിക്കുന്നത്. ‘യോയോ ടെസ്റ്റ് എന്റെ മൂത്ത മകള്‍ ആസീന്‍ മറികടന്നു’ എന്നായിരുന്നു അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പിട്ടത്.

Looks like my elder one Aazeen has conquered the Yo-Yo test.

A post shared by Gautam Gambhir (@gautamgambhir55) on

ഒരു മാസം മുന്‍പ് പരാജയപ്പെട്ട യോയോ ടെസ്റ്റ് ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍ കഴിഞ്ഞയാഴ്ച്ച പാസായിരുന്നു. 17.3 എന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കിയാണ് സഞ്ജു സാംസണ്‍ യോയോ ഫിറ്റ്‌നെസ് ടെസ്റ്റ് പാസായത്. കഴിഞ്ഞ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലേക്കുള്ള എ ടീമില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞിരുന്നു. 16.1 എന്നതാണ് ടെസ്റ്റ് പാസാകാനുള്ള സ്‌കോര്‍. ബംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ചാണ് ഫിറ്റ്‌നെസ് ടെസ്റ്റ് നടന്നത്.

അതേസമയം യോയോ ടെസ്റ്റിനെതിരേ പലരും നേരത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ടെസ്റ്റിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് എം.പി ശശി തരൂരും രംഗത്തെത്തി. നാലാഴ്ചയ്ക്കുള്ളില്‍ 15.6 എന്ന സ്‌കോറില്‍ നിന്ന് 17.3 എന്ന സ്‌കോറിലേക്ക് സഞ്ജു ഇപ്പോള്‍ ഉയര്‍ന്നുവെങ്കിലും ഇതിനിടയില്‍ താരത്തിനു ഇന്ത്യ എ ടൂര്‍ നഷ്ടമായത് മറക്കരുതെന്ന് ശശി തരൂര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ ബി.സി.സി.ഐയെ ഓര്‍മ്മപ്പെടുത്തി.
ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുക്കല്‍ മാനദണ്ഡമായി ഇതിനെ പരിഗണിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് നേരത്തെ മുന്‍ താരങ്ങളടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. മുന്‍പ് പരാജയപ്പെട്ട ടെസ്റ്റ് വീണ്ടും എടുത്ത് താരങ്ങള്‍ പാസാകുമ്ബോള്‍ എന്താണിതിന് അടിസ്ഥാനമെന്നാണ് ക്രിക്കറ്റ് രംഗത്തെ പ്രമുഖര്‍ ചോദിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook