മുഹമ്മദ് ഇർഫാൻ എന്ന പാക് പേസ് ബോളറെ ക്രിക്കറ്റ് ആരാധകർ മറക്കാൻ ഇടയില്ല. കുറച്ച് മത്സരങ്ങൾ മാത്രമേ രാജ്യാന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ളൂവെങ്കിലും 7.1 അടി ഉയരവും മികച്ച പേസും മുഹമ്മദ് ഇർഫാനെ വാർത്തകളിൽ നിറച്ചിരുന്നു. സ്ഥിരതയില്ലായ്മയെ തുടർന്നു പാക് ദേശീയ ടീമിൽ നിന്ന് പുറത്തായ മുഹമ്മദ് ഇർഫാൻ ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത് ഗംഭീറുമായി ബന്ധപ്പെട്ടാണ്. ഗൗതം ഗംഭീറിന്റെ കരിയർ അവസാനിക്കാൻ കാരണം താനാണെന്നാണ് മുഹമ്മദ് ഇർഫാൻ പറയുന്നത്.
Also Read: ഒരു പൊടിക്കൊന്ന് അടങ്ങ്; മായങ്കിനെ ‘പുകഴ്ത്തുന്നവരോട്’ ഗാംഗുലി
“ഗൗതം ഗംഭീറിന് എന്നെ ഭയമായിരുന്നു. എന്റെ പന്തുകളെ നേരിടാൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. എനിക്ക് തോന്നുന്നു 2012ലെ പാക്കിസ്ഥാന്റെ ഇന്ത്യൻ പര്യടനത്തിന് ശേഷം അദ്ദേഹത്തിന് ടീമിലേക്ക് മടങ്ങിയെത്താൻ പോലും സാധിച്ചിരുന്നില്ല. മത്സരത്തിൽ മാത്രമല്ല നെറ്റ്സിലും എന്നെ നേരിടാൻ ഗംഭീർ ഭയപ്പെട്ടിരുന്നു. എന്റെ കണ്ണിൽ നോക്കാൻ പോലും ഗംഭീർ ധൈര്യപ്പെട്ടിരുന്നില്ല. 2012ലെ പരമ്പരയിൽ നാല് തവണയാണ് ഞാൻ ഗംഭീറിനെ പുറത്താക്കിയത്,” മുഹമ്മദ് ഇർഫാൻ പറഞ്ഞു.
Also Read: ഹീറോയായി ഷമി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
”വിരാട് കോഹ്ലിക്കും തന്റെ പേസ് മനസിലാക്കാൻ സാധിച്ചിരുന്നില്ലെന്നും ഇർഫാൻ പറഞ്ഞു. വിരാട് കോഹ്ലി എന്നോടത് പറഞ്ഞിട്ടുണ്ട്. മണിക്കൂറിൽ 130 മുതൽ 135 കിലോമീറ്റർ വേഗതയിലാണ് എന്റെ പന്തെന്നാണ് കോഹ്ലി കരുതിയിരുന്നത്. എന്നാൽ എന്റെ പന്ത് മണിക്കൂറിൽ 145 കിലോമീറ്ററിലധികം വേഗതയിലായിരുന്നു” ഇർഫാൻ പറഞ്ഞു.
സ്ഥിരതയില്ലായ്മയെ തുടർന്ന് പാക്കിസ്ഥാൻ ദേശീയ ടീമിൽ നിന്ന് 2016ഓടെ പുറത്തായ ഇർഫാൻ പിന്നീട് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിച്ചിരുന്നു. എന്നാൽ വാതുവയ്പു വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യുകയായിരുന്നു.