ശ്രീലങ്കൻ പര്യടനത്തിനുളള ഇന്ത്യൻ ടീമിൽ യുവരാജ് സിങ്ങിനെ ഉൾപ്പെടുത്താതിരുന്നത് യുവി ആരാധകർക്ക് നിരാശയേകിയിരുന്നു. യുവരാജ് സിങ്ങിന് വിശ്രമം അനുവദിച്ചതിനാലാണ് ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്നായിരുന്നു ഇതിന് ചീഫ് സെലക്ടർ എം.എസ്.കെ.പ്രസാദ് പറഞ്ഞത്. യുവരാജിനെ ടീമിൽ ഉൾപ്പെടുത്താതിരുന്ന സെലക്ടർമാരുടെ തീരുമാനത്തിന് തക്ക മറുപടി നൽകിയിരിക്കുകയാണ് ഗൗതം ഗംഭീർ.
”വിശ്രമം എന്നത് ശരിയായ വാക്കാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം യുവരാജ് വളരെ നാളായി കളിച്ചിട്ട്. അദ്ദേഹം കളിക്കാനായി കാത്തിരിക്കുകയാണ്. ലോകകപ്പിൽ യുവരാജ് ഉണ്ടാകണമെങ്കിൽ അദ്ദേഹത്തിന് കളിക്കാൻ കൂടുതൽ അവസരം നൽകുകയാണ് വേണ്ടത്. യുവരാജിനെ പോലൊരു കളിക്കാരന്റെ മികച്ച ഫോം ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തെ ഒരു പരമ്പരയിൽ കളിപ്പിച്ചശേഷം വിശ്രമം നൽകുകയല്ല വേണ്ടതെന്ന്” ഗംഭീർ ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. ”ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരിക എന്നത് യുവരാജ് സിങ്ങിന് ഇനി ബുദ്ധിമുട്ടായിരിക്കും. പക്ഷേ അദ്ദേഹം മടങ്ങിവരുമെന്ന പ്രതീക്ഷയും ഉണ്ട്. കാരണം അദ്ദേഹം മികച്ചൊരു കളിക്കാരനാണ്” ഗംഭീർ പറഞ്ഞു.
ശ്രീലങ്കൻ ടീമിൽനിന്നും യുവരാജിനെ പുറത്താക്കിയതോടെ രാജ്യാന്തര ക്രിക്കറ്റിൽ യുവിക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്നായിരുന്നു സൂചനകൾ. ബാറ്റിങ്, ഫീൽഡിങ്, ബോളിങ് ഫോം യുവിക്ക് നഷ്ടമായിയെന്നും ഇതിനുപിന്നാലെ വാർത്തകൾ പരന്നു. 304 ഏകദിനങ്ങളിൽനിന്ന് യുവരാജ് 8000ൽ പരം റൺസ് നേടിയിട്ടുണ്ട്. 40 ടെസ്റ്റുകളും 58 ട്വന്റി20കളും യുവി കളിച്ചിട്ടുണ്ട്.