ഓസ്ട്രേലിയൻ പര്യടനത്തിനുളള ഇന്ത്യൻ ടീമിൽനിന്നും മായങ്ക് അഗർവാളിനെ ഒഴിവാക്കിയ സെലക്ടർമാരുടെ തീരുമാനത്തെ വിമർശിച്ച് ഗൗതം ഗംഭീർ. കളിക്കാരെ വച്ചുളള കസേരക്കളി സെലക്ടർമാർ അവസാനിപ്പിക്കണമെന്നും കളിക്കാരുടെ ആത്മവിശ്വാസത്തെ അത് തകർക്കുമെന്നുമാണ് ഗംഭീർ പറഞ്ഞിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിൽ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം നൽകിയില്ല. കെ.എൽ.രാഹുലിനെയും യുവതാരം പൃഥ്വി ഷായെയുമാണ് ഓപ്പണർമാരായി ഇറക്കിയത്. ഇതിനുപിന്നാലെയാണ് ഓസ്ട്രേലിയൻ പര്യടനത്തിനുളള ടീമിൽ മായങ്കിനെ ഉൾപ്പെടുത്താതിരുന്നത്. ഇംഗ്ലണ്ട് പരമ്പരയിൽ മോശം പ്രകടനം നടത്തിയ മുരളി വിജയ്‌യെ ആണ് ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തിയത്. മായങ്കിനെ ഇന്ത്യ എ മാച്ചിൽ കളിക്കാനായി ന്യൂസിലൻഡിലേക്ക് വിടുകയായിരുന്നു.

ടീമിൽ മുരളി വിജയ്‌യെ ഉൾപ്പെടുത്തുകയും മായങ്കിനെ തഴയുകയും ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഗംഭീർ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ചത്. ”മായങ്ക് അഗർവാളിനെ പോലെ ഭാഗ്യമില്ലാത്ത മറ്റൊരു കളിക്കാരനുണ്ടാകില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച സ്കോറാണ് മായങ്കിനുളളത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടും കളിക്കാൻ അവസരം കൊടുത്തില്ല. ഓസ്ട്രേലിയൻ പര്യടനത്തിനുളള ടീമിൽ ഉൾപ്പെടുത്തിയതുമില്ല. ഇന്ത്യയിൽ കളിക്കാനാണ് അവർ മികച്ചവരെന്നും ഓസ്ട്രേലിയയിലെ സാഹചര്യങ്ങളിൽ അവർക്ക് കളിക്കാനാവില്ലെന്നുമാണ് മായങ്ക് ഉൾപ്പെടെ ഒഴിവാക്കിയ താരങ്ങളോടെല്ലാം അവർ കാരണം പറയുന്നത്. ഇത് തികച്ചും ദൗർഭാഗ്യകരമാണ്.”

”ഓസ്ട്രേലിയൻ പര്യടനത്തിൽ മായങ്കിനെ ഉൾപ്പെടുത്താൻ ആയിരുന്നെങ്കിൽ ഇംഗ്ലണ്ട് പര്യടനത്തിൽനിന്നും ഒഴിവാക്കാൻ പാടില്ലായിരുന്നു. വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടും കളിപ്പിച്ചില്ല. അങ്ങനെയെങ്കിൽ വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ മായങ്കിനെ ഉൾപ്പെടുത്തേണ്ടിയിരുന്നില്ല. ഇപ്പോൾ മുരളി വിജയ്‌യെ തിരിച്ചുവിളിച്ചിട്ട് മായങ്കിനെ ഇന്ത്യ എ മാച്ചിന് വിട്ടിരിക്കുന്നു. ഒരു യുവതാരത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ദൗർഭാഗ്യകരമാണ്. ഒരാൾ നല്ലൊരു കളിക്കാരനാണെങ്കിൽ, അയാൾക്ക് ഏതു സാഹചര്യത്തിലും കളിക്കാനാവും. അതിനാൽ സെലക്ടർമാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. കളിക്കാരെ വച്ചുളള കസേരക്കളി നിർത്തണം,” ഗംഭീർ പറഞ്ഞു.

ഇന്ത്യ എ മാച്ചിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മായങ്ക് മൂന്നു ഇന്നിങ്സുകളിൽനിന്നായി 149 റൺസ് നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook