ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം തങ്ങളുടെ രണ്ടാം ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുകയാണ് ഇന്ന്. 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ലോകകിരീടം നേടിയതിന്റെ വാർഷികം കൊറോണ കാലത്തും ക്രിക്കറ്റ് ആരാധകർക്കും താരങ്ങൾക്കും ആഹ്ലാദം പകരുന്ന കാര്യം തന്നെയാണ്.
എന്നാൽ ഒരു പ്രമുഖ ക്രിക്കറ്റ് സൈറ്റിന്റെ ട്വീറ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ലോകകപ്പ് നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരങ്ങളിലൊരാളുമായ ഗൗതം ഗംഭീർ. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ധോണിയിലേക്ക് ഒതുങ്ങുന്നുവെന്നതിനെ ചോദ്യം ചെയ്താണ് താരത്തിന്റെ കമന്റ്. ഇന്ത്യൻ വിജയം ഉറപ്പാക്കി ധോണി ഗ്യാലറിയിലേക്ക് പറത്തിയ സിക്സറിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇഎസ്പിഎൻ ക്രിക്കറ്റ് ഇൻഫോയുടെ ട്വീറ്റ്. “ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സന്തോഷത്തിലേക്ക് നയിച്ച ഷോട്ട്” എന്ന ക്യാപ്ഷനാണ് ഗംഭീറിനെ ചൊടുപ്പിച്ചത്.
Also Read: വോണിന്റെ ഇന്ത്യൻ ഇലവനെ ഗാംഗുലി നയിക്കും; എന്തുകൊണ്ട് ലക്ഷ്മൺ ഇല്ലെന്ന് ആരാധകർ
”ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് ചെറിയൊരു ഓർമപ്പെടുത്തൽ. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യയുടെയും ഇന്ത്യൻ ടീമിന്റെയും മറ്റ് സപ്പോർട്ടിങ് സ്റ്റാഫിന്റെയും കൂട്ടായ പരിശ്രമത്തിൽ ലഭിച്ചതാണ്. ആ ഒരു സിക്സിനെക്കുറിച്ചുളള നിങ്ങളുടെ പുകഴ്ത്തൽ മതിയാക്കാൻ സമയമായി,’’ ഗംഭീർ ട്വീറ്റ് ചെയ്തു.
Just a reminder @ESPNcricinfo: #worldcup2011 was won by entire India, entire Indian team & all support staff. High time you hit your obsession for a SIX. pic.twitter.com/WPRPQdfJrV
— Gautam Gambhir (@GautamGambhir) April 2, 2020
സച്ചിനും സെവാഗും വീണതോടെ 2003ന്റെ ആവർത്തനമാകുമെന്ന് കരുതിയ ക്രിക്കറ്റ് ആരാധകരെ മാറ്റി ചിന്തിപ്പിച്ച ഇന്നിങ്സുമായി ലോകകപ്പ് ഫൈനലിൽ മിന്നും പ്രകടനം പുറത്തെടുത്ത താരമാണ് ഗംഭീർ. ധോണിയുമായി ചേർന്ന് 109 റൺസിന്റെ കൂട്ടുകെട്ട് വരെ തീർത്ത താരം 97ൽ നിൽക്കെ 42-ാം ഓവറിൽ പുറത്താവുകയായിരുന്നു. പിന്നീട് ലോകകപ്പ് ഹീറോ യുവരാജിനെ കൂട്ടുപിടിച്ചാണ് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
Also Read: തോറ്റു പിന്മാറില്ല; ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമെന്ന് ശ്രീശാന്ത്
91 റൺസുമായി പുറത്താകാതെ നിന്ന ധോണി ടീമിനെ മുന്നിൽ നിന്ന് തന്നെ നയിച്ചു. യുവരാജുമായി ചേർന്ന് 54 റൺസിന്റെ കൂട്ടുകെട്ടും തീർത്ത ധോണിയുടെ ബാറ്റിൽ നിന്ന് തന്നെയാണ് വിജയറണ്ണും പിറന്നത്. നുവാൻ കുലശേഖരെയായിരുന്നു താരം ബൗണ്ടറിയിലെത്തിച്ചത്, ഒപ്പം ശ്രീലങ്കയുടെ കിരീട നേട്ടത്തെയും.
നേരത്തെ ധോണിയാണ് ലോകകപ്പ് ഫൈനലിൽ താൻ പുറത്താകാൻ കാരണമെന്നും ഗംഭീർ ആരോപിച്ചിരുന്നു. സെഞ്ചുറിയെന്ന നേട്ടം തന്റെ മുന്നിലില്ലായിരുന്നെന്നും ടീമിന്റെ കിരീട നേട്ടത്തിനാണ് താൻ പ്രാധാന്യം നൽകിയതെന്നുമാണ് ഗംഭീർ പറഞ്ഞത്. മൂന്ന് റൺസകലെ ധോണിയാണ് സെഞ്ചുറി നേടുന്ന കാര്യം തന്നെ ഓർമിപ്പിച്ചതെന്നും, അത് തന്നെ ബോധവാനാക്കിയെന്നും അതാണ് വിക്കറ്റിന് കാരണമായതെന്നുമായിരുന്നു ഗംഭീർ 2019ൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്.