ന്യൂഡൽഹി: ഐപിഎൽ 2018 സീസണിൽ താരലേലത്തിൽ ഏവരെയും അദ്ഭുതപ്പെടുത്തിയ തീരുമാനം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റേതായിരുന്നു. രണ്ട് വട്ടം കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ഗംഭീറിനെ ടീമിൽ നിലനിർത്തേണ്ടെന്ന തീരുമാനമായിരുന്നു അത്. ടീം നായകനെ കൈവിട്ടു.

എന്നാൽ തങ്ങളുടെ മുൻതാരത്തെ ലേലത്തിൽ തിരികെ വിളിച്ച് ഡൽഹി ഡെയർഡെവിൾസ് ഗംഭീറിന്റെ അഭിമാനമുയർത്തി. ഇപ്പോഴിതാ താരത്തെ നായകനായി പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി. രണ്ടുവട്ടം കിരീടം നേടിയ ക്യാപ്റ്റൻസിയെ മികച്ചതെന്താണ് വേണ്ടത് ആ സ്ഥാനത്തേക്കുളള യോഗ്യത?

ഡൽഹി മറിച്ചൊന്നും ചിന്തിച്ചില്ല. ഈ ഘട്ടത്തിൽ പ്രതിരോധത്തിലാകുന്നത് കൊൽക്കത്ത തന്നെയാണ്. ഗംഭീറിന് പകരക്കാരനായി മുൻ തമിഴ്‌നാട് സ്റ്റേറ്റ് ടീം ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ ഘട്ടത്തിൽ അടുത്ത ഐപിഎൽ കളി ഗംഭീറിന്റെ ടീമിനോട് ഏറ്റുമുട്ടുമ്പോൾ കൊൽക്കത്ത പലതും സൂക്ഷിക്കേണ്ടി വരും.

“മുൻപൊരിക്കലും ഇല്ലാത്ത വിധം ഞാൻ ആശ്ചര്യപ്പെട്ടിരിക്കുകയാണ്,” ഗംഭീർ ക്യാപ്റ്റൻസി നിയമനത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങിനെ. “ഒരു ടൂർണ്ണമെന്റ് ഒരു തിരിച്ചുവരവിനായി കളിക്കരുത്. എപ്പോഴും കിരീടം ലക്ഷ്യമാക്കി കളിക്കണം. ഓരോ തവണ ഐപിഎൽ കളിച്ചപ്പോഴും ഞാൻ ചോദിച്ചത് ഇതാണ്. ഓരോ തവണയും നായകൻ വിജയം കൊയ്തു. അതൊന്നും വ്യക്തിപരമായി തിരിച്ചുവരവായിരുന്നില്ല,” ഗംഭീർ ക്യാപ്റ്റൻ നിയമനത്തെ കുറിച്ചുളള തന്റെ ആഹ്ലാദം മറച്ചുവച്ചില്ല.

ഡൽഹിക്കാരനായ ഗംഭീറിന്റെ തോളിലേറി ഇത്തവണ കിരീടം നേടാനാകുമെന്ന പ്രതീക്ഷയാണ് ഡൽഹി ഡയർഡെവിൾസിനുളളത്. റിക്കി പോണ്ടിംഗാണ് ഡൽഹിയുടെ കോച്ച്. ഇരുവരും തമ്മിൽ ചേർന്നുപോകുമെന്ന വിശ്വാസത്തിലാണ് ടീമിപ്പോൾ.

2008 മുതൽ 2011 വരെ ഡൽഹിയിൽ കളിച്ച ഗംഭീർ പിന്നീട് 2011 ലെ സീസണിലാണ് കൊൽക്കത്തയിലേക്ക് മാറിയത്. 2018 സീസണിലേക്ക് താരത്തെ വേണ്ടെന്ന് നേരത്തേ തന്നെ ടീം മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. അടിസ്ഥാന വിലയായ 2 കോടിയിൽ ആരംഭിച്ച ലേലം 2.8 കോടിയിലാണ് ഇത്തവണ അവസാനിച്ചത്. ഗംഭീറിനെ സ്വന്തമാക്കാൻ ഡൽഹി തീരുമാനിച്ചുറപ്പിച്ചത് പോലെയായിരുന്നു ലേലം വിളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook