വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന്റെ ഫോമിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ മൂന്നാം ടി20യില്‍ നേരിടാനിരിക്കെ എല്ലാവരുടേയും കണ്ണുകള്‍ പന്തിലായിരിക്കുമെന്നുറപ്പാണ്. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തേയും അതോടൊപ്പം തനിക്ക് മുകളിലുള്ള സമ്മര്‍ദ്ദത്തേയും പന്ത് എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇതിനിടെ പന്തിനെ കൈകാര്യം ചെയ്യുന്നതിലെ പിഴവ് ചൂണ്ടിക്കാണിച്ചു കൊണ്ട് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരിക്കുകയാണ്. ടീം മാനേജ്മെന്റ് താരത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും പ്രചോദനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും ഗംഭീര്‍ പറയുന്നു. നേരത്തെ തന്നെ പന്തിനേക്കാള്‍ താന്‍ പിന്തുണ നല്‍കുന്നത് സഞ്ജു സാംസണിനാണെന്ന് വ്യക്തമാക്കിയിട്ടുള്ള വ്യക്തിയാണ് ഗംഭീര്‍. അതുകൊണ്ട് തന്നെ പന്തിനെ പ്രതിരോധിച്ച് ഗംഭീര്‍ രംഗത്തെത്തിയത് തെല്ല് അപ്രതീക്ഷിതമാണ്.
Read More: ‘പന്തിന് പകരക്കാരെ തേടുകയാണ്’; സഞ്ജുവും പരിഗണനയിലെന്ന് എം.എസ്.കെ.പ്രസാദ്
”വ്യക്തിപരമായി, ഞാന്‍ എന്നും പന്തിനേക്കാള്‍ പിന്തുണ നല്‍കിയിട്ടുള്ളത് സഞ്ജു സാംസണിനാണ്. പക്ഷെ ഭയരഹിതനില് നിന്നും അശ്രദ്ധയോടെ കളിക്കുന്നവന് എന്നും പന്തിന് പകരക്കാരെ കണ്ടെത്തുമെന്നുമൊക്കെ ടീം മാനേജ്മെന്റ് പറയുന്നത് കേള്‍ക്കുന്നത് സങ്കടകരമാണ്. ഒരു യുവതാരത്തെ, ചെറുപ്പക്കാരനെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ല. എല്ലാവര്ക്കും അവന് ബുദ്ധിപൂര്‍വ്വം കളിക്കുന്നതാണ് കാണേണ്ടത്”ഗംഭീര്‍ പറഞ്ഞു.
”അതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്ക് തോന്നുന്നത്, അവന് ഇപ്പോള്‍ കളിക്കുന്നത് റണ്‍ സ്കോര്‍ ചെയ്യാനല്ല, നിലനില്‍പ്പിന് വേണ്ടിയാണെന്നാണ്. പുറത്ത് നിന്നും നോക്കുമ്പോള്‍ തോന്നുന്നതാണ്. ആരെങ്കിലും അവന്റെ തോളില്‍ കയ്യിട്ട് നിന്നെ ടീമിന് ആവശ്യമാണെന്ന് പറയണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് വൈകിട്ടാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20. ഇന്ത്യ മത്സരത്തില്‍ ജയിക്കട്ടെയെന്ന് ഗംഭീര്‍ ആശംസിച്ചു. അതേസമയം, പിച്ച് ബാറ്റിങ്ങിനെ മാത്രം അനുകൂലിക്കുന്നതാകരുതെന്നും അത് നല്ല കാഴ്ചയായിരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.