വളരെ ഗൗരവത്തിലേ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ നാം കണ്ടിട്ടുളളൂ. ബാറ്റ് കൊണ്ട് അടിച്ചു തകർക്കുന്ന തന്റേതായ ദിവസങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കുന്ന കളിക്കാരൻ. ഒരിക്കലും ചെയ്യില്ലയെന്ന് കരുതിയിരുന്ന ഒരു കാര്യം ചെയ്‌തിരിക്കുകയാണ് ഗംഭീർ. ഭാര്യ നടാഷ ഇതിനെ പറ്റിയറിഞ്ഞാൽ തന്നെ കൊന്നു കളയുവെന്നും പറയുന്നുണ്ട് ഈ ക്രിക്കറ്റർ.
സംഭവം എന്താണെന്നല്ലേ, ഭാര്യ നടാഷയും നടൻ ഷാരൂഖ് ഖാനും കിണഞ്ഞ് പരിശ്രമിച്ചിട്ടും കഴിയാത്ത ഒരു കാര്യമാണ് ഗംഭീർ ചെയ്‌തത്. ഒരു പരസ്യത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ആദ്യമായി നൃത്തം ചെയ്‌തതാണ് ആ വലിയ കാര്യം.
ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടി എഴുതിയ കോളത്തിലാണ് ഗംഭീർ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. “ഞാനൊരു ചെറിയ കഥ പറയാം. ബട്ടർ ചിക്കനും ദാലും കഴിക്കാനിഷ്‌ടപ്പെടുന്ന ഒരു പഞ്ചാബിയാണ് ഞാൻ. എനിക്ക് പഞ്ചാബി സംഗീതം ഇഷ്‌ടമാണ്, പക്ഷേ ഡിജെ പോലുളള പരിപാടികൾ ഇഷ്‌ടമല്ല. ഞാൻ ഒരിക്കലും നൃത്തം ചെയ്‌തിട്ടില്ല, ഇത് ഓസ്ട്രേലിയക്കാർ സ്ളെഡ്ജ് ചെയ്യില്ലെന്ന് പറയുന്നത് പോലെയാണെന്നെനിക്കറിയാം. എന്റെ ഭാര്യ നടാഷയ്‌ക്ക് വേണ്ടി പോലും ചുവട് വെച്ചിട്ടില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരശേഷമുളള പാർട്ടികളിൽ കിങ് ഖാനും എന്നെ കൊണ്ട് നൃത്തം ചെയ്യിക്കാൻ ശ്രമിച്ചിട്ടുണ്ട്.”-ഗംഭീർ പറയുന്നു.
എന്നാൽ എന്തിനും ഒരു ആദ്യമുണ്ടാവും. ഞാൻ ആദ്യമായി നൃത്തം ചെയ്യുന്നത് ഒരു പരസ്യ ചിത്രീകരണത്തിനിടയിലാണ്. എന്റെ ഭാര്യ നടാഷയിതറിഞ്ഞാൽ എന്നെ കൊന്നു കളയുവെന്നും ഗംഭീർ പറയുന്നു. കാരണം നടാഷ പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഞാൻ അത് ചെയ്‌തിട്ടില്ല. ആദ്യമായി നൃത്തം ചെയ്‌തപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരങ്ങളും കൂടെയുണ്ടായിരുന്നെന്നും ഗംഭീർ കൂട്ടി ചേർക്കുന്നു.