ഇന്ത്യൻ ടീമിൽ നിന്നും വിട്ടു നിൽക്കുന്ന ഗൗതം ഗംഭീർ ആഭ്യന്തര ക്രിക്കറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രഞ്ജി ട്രോഫിയിൽ ഡൽഹിക്കുവേണ്ടിയാണ് ഗംഭീർ പാഡണിഞ്ഞത്. ഗൗരവ് കപൂറിന്റെ ബ്രേക്ഫാസ്ററ് വിത് ചാംപ്യൻസ് എന്ന ഷോയിൽ തന്റെ ഇഷ്ട കളിക്കാരെക്കുറിച്ചും ഡ്രസിങ് റൂമിലെ രഹസ്യത്തെക്കുറിച്ചും ഗംഭീർ വെളിപ്പെടുത്തി.

ഡ്രസിങ് റൂമിലെ ഏറ്റവും വലിയ തമാശക്കാരൻ ഭാജി (ഹർഭജൻ സിങ്) എന്നായിരുന്നു ഗംഭീർ വെളിപ്പെടുത്തിയത്. അതിൽ ഒരു സംശയവുമില്ല. അദ്ദേഹം റോക്സ്റ്റാറാണ്. ഭാജിയുമായി കമ്പനി ആയാൽ ഒരിക്കലും ബോറടിക്കില്ല. യുവരാജോ മറ്റാരുമല്ല, ഡ്രസിങ് റൂമിൽ ഭാജിയാണ് നല്ല തമാശക്കാരനെന്നും ഗംഭീർ പറഞ്ഞു. ഏകദിനത്തെയും ടി ട്വന്റിയെക്കാളും ടെസ്റ്റ് കളിക്കാനാണ് തനിക്ക് താൽപര്യമെന്നും മികച്ച കളിക്കാരനാക്കി അതൊരാളെ മാറ്റുമെന്നും ഗംഭീർ ഷോയിൽ പറഞ്ഞു.

ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയെന്നതായിരുന്നു തന്റെ ഏക ലക്ഷ്യം. ക്രിക്കറ്റിൽ തനിക്ക് ആരോടും ആരാധന ഉണ്ടായിട്ടില്ല. ഈ വ്യക്തിക്കൊപ്പം ബാറ്റ് ചെയ്യണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ഗംഭീർ വ്യക്തമാക്കി. രാഹുൽ ദ്രാവിഡിനൊപ്പം ബാറ്റ് ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്നും ഗംഭീർ പറഞ്ഞു. എന്റെ മികച്ച പ്രകടനങ്ങളെല്ലാം ഉണ്ടായത് രാഹുലിനൊപ്പം കളിച്ചപ്പോഴാണ്. ശാന്തതയോടും ക്ഷമയോടും ബാറ്റ് ചെയ്യണമെന്ന് എനിക്ക് മനസ്സിലാക്കി തന്നത് രാഹുലാണ്. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ അദ്ദേഹത്തെ കാണുമ്പോൾ ഞാൻ കൂടുതൽ ക്ഷമയോടെ കളിക്കും. ടെസ്റ്റിൽ എന്റെ കളി മെച്ചപ്പെടുത്താൻ അത് സഹായിച്ചു. ടെസ്റ്റിൽ കളിക്കുമ്പോൾ ഉറച്ച വിശ്വാസം വേണം. അതെനിക്ക് തന്നത് രാഹുലാണ്- ഗംഭീർ പറഞ്ഞു.

2004 ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിലാണ് ഇന്ത്യയ്ക്കായി ടെസ്റ്റിൽ ഗംഭീർ അരങ്ങേറ്റം കുറിച്ചത്. 2016 ഇംഗ്ലണ്ടിനെതിരായാണ് ഗംഭീർ അവസാന ടെസ്റ്റ് മൽസരം കളിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ