ഇന്ത്യൻ ക്രിക്കറ്റിനെ ഒരു കാലത്ത് ഗാംഭീര്യത്തോടെ നയിച്ച ഗൗതം ഗംഭീർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫെയ്സ്ബുക്കിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. നീണ്ട 15 വർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് ഗംഭീർ ഇതോടെ അവസാനം കുറിച്ചിരിക്കുന്നത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലുമായി ഇന്ത്യക്ക് വേണ്ടി പതിനായിരത്തിലധികം റൺസ് നേടിയ താരമാണ് ഗംഭീർ. ഇന്ത്യക്കായി 58 ടെസ്റ്റ് മത്സരങ്ങൾ കളിച്ച 4154 റൺസ് നേടിയപ്പോൾ, 147 മത്സരങ്ങളിൽ ഇന്ത്യയുടെ നീലകുപ്പായത്തിൽ താരം അടിച്ചുകൂട്ടിയത് 5238 റൺസാണ്. 37 ടി20 മത്സരങ്ങളിൽ നിന്നും 932 റൺസും നേടി.

Read More: ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ ‘ഡൈവിങ്’, ഗൗതം ഗംഭീറിന്റെ 97 റണ്‍സും

ഇന്ത്യ ലോകകിരീടം ഉയർത്തിയ 2011ൽ ടീമിലെ നിർണ്ണായക സാനിധ്യമായിരുന്നു ഗംഭീർ. ലോകകപ്പ് ഫൈനൽ മത്സരത്തിൽ അതിവേഗം ഇന്ത്യയുടെ ഓപ്പണർമാർ മടങ്ങിയപ്പോൾ ക്രീസിൽ നിലയുറപ്പിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഗംഭീർ. സെഞ്ചുറിക്കരികിൽ ഗംഭീർ വീണെങ്കിലും വിജയതീരത്ത് ഇന്ത്യയെ എത്തിക്കുന്നതിൽ ഗംഭീറിന്റെ ഇന്നിങ്സ് നിർണ്ണായകമായി.

പ്രഥമ ടി20 ലോകകപ്പ് 2007ൽ ഇന്ത്യൻ മണ്ണിലെത്തിക്കുന്നതിനും ഗംഭീർ മുന്നിൽ തന്നെയുണ്ടായിരുന്നു. വെടിക്കെട്ട് ബാറ്റ്സ്മാൻ വിരേന്ദർ സെവാഗുമൊത്തുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യൻ ആരാധകരെ ഏറെക്കാലം ത്രസിപ്പിച്ചിരുന്നു.

ബംഗ്ലദേശിനെതിരെ 2003ലായിരുന്നു ഗംഭീറിന്റെ രാജ്യന്തര അരങ്ങേറ്റം. പിന്നീട് ഏറെക്കാലം ഇന്ത്യൻ ക്രിക്കറ്റിൽ ഒഴിച്ചുകൂടാനാവാത്ത സാനിധ്യമായിരുന്ന താരമാണ് ഗംഭീർ. ടീമിന്റെ താൽക്കാലിക നായകനായും ഗംഭീർ തിളങ്ങി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി, കൊൽക്കത്ത ടീമുകളുടെ ഭാഗമായിരുന്ന ഗംഭീർ 2016ലാണ് അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook