ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ക്രിസ് ഗെയിലിന്റെ കരുത്തോ എ ബി ഡി വില്ലേഴ്‌സിന്റെ കഴിവോ ഇല്ലെന്നും എങ്കിലും അദ്ദേഹം വിജയകരമായ ടി20 കരിയര്‍ സൃഷ്ടിച്ചത് മികച്ച ഫിറ്റ്‌നെസ് കൊണ്ടാണെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍.

ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ അവിസ്മരണീയമായ റെക്കോര്‍ഡുള്ള വിരാട് 82 ടി20 മത്സരങ്ങളില്‍ നിന്നായി 50.8 ശരാശരിയില്‍ 2,794 റണ്‍സ് എടുത്തിട്ടുണ്ട്.

“അദ്ദേഹം എല്ലായ്‌പ്പോഴും സമര്‍ത്ഥനായ ക്രിക്കറ്റ് താരമാണ്. പക്ഷേ, ടി20 കരിയറിനെ വിജയകരമായ ഒന്നാക്കി മാറ്റിയത് അങ്ങേയറ്റം ഫിറ്റായതു കൊണ്ടാണ്,” ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

“ഒരു പക്ഷേ, ക്രിസ് ഗെയിലിന്റെ കരുത്ത് അദ്ദേഹത്തിനുണ്ടാകില്ല. എ ബി ഡി വില്ലേഴ്‌സിന്റെ കഴിവും ഉണ്ടാകില്ല. ജാക്വസ് കാലിസിന്റെയൊ ബ്രയാന്‍ ലാറയുടെയോ കഴിവും അദ്ദേഹത്തിനില്ല,” ഗംഭീര്‍ പറഞ്ഞു.

“ഫിറ്റ്‌നസാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. അത് അദ്ദേഹം കളിയിലും മുതലാക്കുന്നു. അതിനാല്‍ അദ്ദേഹം വിജയിക്കുന്നു. വിക്കറ്റുകള്‍ക്കിടയില്‍ അദ്ദേഹം നന്നായി ഓടുന്നുവെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അത് പല ആളുകള്‍ക്കും സാധിക്കില്ല,” 2007-ലേയും 2011-ലേയും ലോകകപ്പ് നേടിയ ടീമുകളില്‍ അംഗമായിരുന്ന ഗംഭീര്‍ പറയുന്നു.

Read Also: ടി ലോകകപ്പ് ഈ വർഷം സംഘടിപ്പിക്കുന്ന കാര്യം അനിശ്ചിതത്വത്തിലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

ഐപിഎല്ലിലും കോഹ്ലി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 177 മത്സരങ്ങളില്‍ നിന്നായി 5,412 റണ്‍സ് എടുത്തിട്ടുണ്ട്.

സ്‌ട്രൈക്ക് കൈമാറുന്ന കാര്യത്തില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയേക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കോഹ്ലിയുടേതെന്ന് ഗംഭീര്‍ പറയുന്നു.

കൂറ്റന്‍ അടികള്‍ക്ക് രോഹിത് ശര്‍മ്മയ്ക്ക് കഴിവുണ്ട്. പക്ഷേ, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ കോഹ്ലി രോഹിതിനേക്കാള്‍ സ്ഥിരത പുലര്‍ത്തുന്നുവെന്ന് മുന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍ പറയുന്നു.

“ഗ്രിസ് ഗെയിലിനും എ ബി ഡി വില്ലേഴ്‌സിനും സ്‌ട്രൈക്ക് കൈമാറുന്നതിനുള്ള കഴിവില്ല. പ്രത്യേകിച്ച് സ്പിന്‍ ബൗളിങ്ങിനെതിരെ. എന്നാല്‍, കോഹ്ലിക്കതുണ്ട്. അതിനാലാണ് അദ്ദേഹത്തിന്റെ റണ്‍ ശരാശരി 50-ന് അടുത്തുള്ളത്,” ഗംഭീര്‍ പറഞ്ഞു.

Read in English: ‘Virat Kohli relies on fitness as he doesn’t have Gayle’s strength or ABD’s ability’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook