ന്യൂഡൽഹി: ഇന്ത്യ-വിന്റീസ് ടി20 മത്സരത്തിന്റെ തുടക്കം കുറിക്കുന്നതിനുളള മണിയടിക്കാൻ അസ്ഹറുദ്ദീനെ അനുവദിച്ചതിനെതിരെ ഗൗതം ഗംഭീർ. ബിസിസിഐ, സിഒഎ, ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ എന്നിവർക്കെതിരെയാണ് ഗംഭീർ ആഞ്ഞടിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി 99 ടെസ്റ്റും 344 ഏകദിനങ്ങളും കളിച്ച മുൻ ക്യാപ്റ്റനായ അസ്ഹറുദ്ദീനെ 2000 ത്തിൽ ഒത്തുകളിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് ആജീവനാന്തം വിലക്കിയത്. ഈ വിലക്ക് 2012 ൽ ആന്ധ്ര ഹൈക്കോടതി എടുത്തുകളഞ്ഞു. വിലക്ക് നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി വിധിച്ചു.

“ഇന്ത്യ ഈഡൻ ഗാർഡനിൽ ഇന്നത്തെ മത്സരം ജയിച്ചിരിക്കും. പക്ഷെ അതിൽ സന്തോഷിക്കാൻ എനിക്ക് സാധിക്കുന്നില്ല. അഴിമതിക്കാരായ ക്രിക്കറ്റർമാരോട് ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്ന തീരുമാനത്തിന് ഞായറാഴ്ചകളിൽ അവധിയാണോ? ആ മണിയടിയൊച്ച അധികാര കേന്ദ്രങ്ങൾ കേട്ടെന്നാണ് ഞാൻ കരുതുന്നത്.” ഗംഭീർ കടുത്ത ഭാഷയിൽ ട്വീറ്റ് ചെയ്തു.

വിലക്ക് ഒഴിവാക്കപ്പെട്ടതിന് ശേഷം അസ്ഹറുദ്ദീൻ പല തവണ ക്രിക്കറ്റ് ഭാരവാഹിത്വത്തിലേക്ക് വരാൻ ശ്രമിച്ചിരുന്നു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് വരാനുളള അദ്ദേഹത്തിന്റെ അപേക്ഷ വിലക്കിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ വ്യക്തതയില്ലെന്ന കാരണത്താൽ തളളി. എന്നാൽ ഈയടുത്ത് അസ്ഹറുദ്ദീന് ബിസിസിഐ, ഐസിസി തുടങ്ങിയ ഏത് സ്ഥാപനത്തിലും ഭാരവാഹിയാകുന്നതിന് വിലക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു.

1993 ൽ ഹീറോ കപ്പിൽ ഇന്ത്യയെ ഈഡൻ ഗാർഡനിൽ വിജയത്തിലേക്ക് നയിച്ചത് അസ്ഹറുദ്ദീനാണ്. ഈഡൻ ഗാർഡനിൽ ഗംഭീറിനും പ്രത്യേക താത്പര്യമുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഏഴ് വർഷം ആണ് അദ്ദേഹം കളിച്ചത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ സൗരവ് ഗാംഗുലി 1992 ൽ അസ്ഹറുദ്ദീൻ ക്യാപ്റ്റനായ ഇന്ത്യൻ ടീമിലാണ് ആദ്യമായി അരങ്ങേറ്റം കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook