കൊൽക്കത്ത: കിങ്സ് ഇലവൻ പഞ്ചാബിന് എതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 8 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 21 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങി 37 റൺസ് എടുക്കുകയും 1 വിക്കറ്റ് നേടുകയും ചെയ്ത സുനിൽ നരൈയ്നാണ് കളിയിലെ താരം.

സ്വന്തം മൈതാനമായ ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ കൊൽക്കത്ത ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹഷീം അലയുടേയും(25) മനൻ വോറയുടെയും(28) മികവിൽ മികച്ച തുടക്കമാണ് പഞ്ചാബ് നേടിയത്. എന്നാൽ പിയൂഷ് ചൗളയും സുനിൽ നരൈനും എത്തിയതോടെ പഞ്ചാബ് സ്കോറിങ്ങ് മന്ദഗതിയിലായി. ആദ്യ പന്തിൽ വോറയുടെ കുറ്റി തെറുപ്പിച്ച് ചൗള ഈ കൂട്ടുകെട്ട് പിരിച്ചു.
മികച്ച തുടക്കം നേടിയ ഗ്ലെൻമാക്സ്‌വെല്ലിനും (25) ഡേവിഡ് മില്ലറിനും (28) വലിയ സ്കോർ കണ്ടെത്താനായില്ല. 4 വിക്കറ്റ് എടുത്ത ഉമേഷ് യാദവാണ് പഞ്ചാബിനെ തകർത്തത്.

പഞ്ചാബ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് ത്രസിപ്പിക്കുന്ന തുടക്കാണ് ലഭിച്ചത്. ഓപ്പണറായി ആദ്യമായി ഇറങ്ങിയ സുനിൽ നരൈയ്ൻ 18 പന്തിൽ 37 റൺസ് നേടിയത് ഏവരെയും ഞെട്ടിച്ചു. മറുവശത്ത് നായകൻ ഗൗതം ഗംഭീറും തകർത്താടിയതോടെ കൊൽക്കത്ത അനായാസം വിജയം കണ്ടു. 49 പന്തിൽ 11 ഫോറുകളുടെ അകമ്പടിയോടെ 72 റൺസാണ് ഗംഭീർ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ