ഒരു ക്രിക്കറ്റ് താരം എന്നതിലുപരി സമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടാറുള്ള താരമാണ് ഗൗതം ഗംഭീർ. പട്ടിണിപ്പാവങ്ങൾക്കായി ഒരു നേരത്തെ ഭക്ഷണം നൽകുകയാണ് ഗംഭീർ ഇപ്പോൾ. പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ നഗരത്തിൽ ഒരു പ്രത്യേക കേന്ദ്രം തന്നെ താരം തയ്യാറിക്കിയിട്ടുണ്ട്. ഡെൽഹിയിലെ പട്ടേൽ നഗറിലാണ് പാവങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന ഒരു കേന്ദ്രം ഗംഭീർ ഒരുക്കിയിരിക്കുന്നത്.


ലോകകപ്പും, ഐപിഎൽ കിരീടങ്ങളുമെല്ലാം താൻ നേടിയിട്ടുണ്ട്, ഇനി പട്ടിണിയെ തോൽപ്പിക്കണമെന്നും ജനങ്ങളുടെ ഹൃദയങ്ങൾ കീഴടക്കണമെന്നും ഗംഭീർ പറയുന്നു. ഗംഭീർ ഫൗണ്ടേഷനാണ് ഇത്തരത്തിലൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകാൻ കഴിയുന്നത് മഹത്തരമായ കാര്യമാണെന്നും ഗംഭീർ പ്രതികരിച്ചു. ഒരാളും വിശന്ന് ഉറങ്ങരുത് എന്നാണ് തന്റെ പ്രാർഥന എന്നും ഗംഭീർ ട്വിറ്ററിൽ കുറിച്ചു.


കഴിഞ്ഞ ഏപ്രിലിൽ സുക്മയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനീകരുടെ മക്കളുടെ വിദ്യാഭ്യാസ ചിലവ് ഗംഭീർ ഫൗണ്ടേഷൻ​ ഏറ്റെടുത്തിരുന്നു. 35 വയസ്സുകാരനായ ഗംഭീർ ഇപ്പോഴും രഞ്ജി ട്രോഫിയിൽ കളിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ