രഞ്ജി ട്രോഫി മത്സരത്തിൽ വിക്കറ്റ് വിളിച്ച അംപയറോട് രോഷാകുലനായി ഗൗതം ഗംഭീർ. ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടന്ന ഡൽഹി-ഹിമാചൽ പ്രദേശ് മത്സരത്തിനിടെയാണ് സംഭവം. ഡൽഹിക്കാണ് ടോസ് ലഭിച്ചത്. ക്യാപ്റ്റൻ നിതീഷ് റാണ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു.

ഹിതൻ ദലാലും ഗൗതം ഗംഭീറുമാണ് ഓപ്പണർമാരായി ഇറങ്ങിയത്. ഇരുവരും ചേർന്ന് ഡൽഹിയെ മികച്ച സ്കോറിലേക്ക് നയിക്കവേയാണ് ഗംഭീറിന്റെ വിക്കറ്റ് വീണത്. അർധ സെഞ്ചുറിക്ക് ആറു റൺസ് മാത്രം ശേഷിക്കേ 44 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു ഗംഭീർ പുറത്തായത്. ഇടംകൈയ്യൻ സ്പിന്നർ മായങ്ക് ദാഗർ ആണ് ഗംഭീറിനെ പുറത്താക്കിയത്.

മിഡിൽ സ്റ്റംപ് ലക്ഷ്യമാക്കി മായങ്ക് എറിഞ്ഞ ബോൾ ഗംഭീർ മുന്നോട്ടുവന്ന് ഡിഫൻഡ് ചെയ്തു. ഇതോടെ ഹാമാചൽ താരങ്ങൾ വിക്കറ്റാണെന്ന് ആർത്തുവിളിച്ചു. ഇതിനുപിന്നാലെ അംപയർ വിക്കറ്റ് വിളിച്ചു. എന്നാൽ ഗംഭീർ അത് വിക്കറ്റാണെന്ന് അംഗീകരിക്കാൻ തയ്യാറായില്ല.

അംപയറുടെ തീരുമാനം ശരിയായിരുന്നില്ലെന്ന് ഗംഭീർ ആംഗ്യത്തിലൂടെ കാണിച്ചു. തന്റെ ഗ്ലൗസിലോ ബാറ്റിലോ ബോൾ തട്ടിയില്ലെന്ന് ഗംഭീർ ആക്ഷൻ കാണിച്ചു. പവലിയനിലേക്ക് നടന്നുപോകവേ ഗംഭീറിന്റെ മുഖത്ത് അംപയറോടുളള ദേഷ്യം പ്രകടമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ