ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയുടെ ചില തീരുമാനങ്ങൾ ശരിക്കും ഞെട്ടിച്ചുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. മുൻ ചീഫ് സെലക്ടറായിരുന്ന എംഎസ്കെ പ്രസാദുമായുള്ള പാനൽ ചർച്ചയിൽ തന്നെയാണ് ഗംഭീർ ഇക്കാര്യം തുറന്ന് പറഞ്ഞത്. ലോകകപ്പിൽ അമ്പാട്ടി റായിഡുവിനെ മറികടന്ന് വിജയ് ശങ്കറിനെ ടീമിലെടുത്തത് ഉൾപ്പടെയുള്ള കാര്യങ്ങൾ ശരിക്കും ഞെട്ടിച്ചുവെന്ന് പറഞ്ഞ ഗംഭീർ ടീം സെലക്ഷനിൽ പരിശീലകനും നായകനും കൂടുതൽ പങ്കാളിത്തം നൽകണമെന്നും ആവശ്യപ്പെട്ടു.

“നായകൻ തന്നെ സെലക്ടറുമാകേണ്ട സമയം വന്നു കഴിഞ്ഞു. നായകനും പരിശീലകനും ആയിരിക്കണം സെലക്ടർമാർ. സെലക്ടർമാർക്ക് പ്ലെയിങ് ഇലവനെ നിശ്ചയിക്കുന്നതിൽ ഒരു റോളുമില്ല. പ്ലെയിങ് ഇലവൻ നായകന്റെ ഉത്തരവാദിത്വമാണ്. അതേസമയം, സെലക്ഷനിൽ നായകനും പരിശീലകനും വോട്ട് ചെയ്യാനുള്ള അധികാരമുണ്ടാകണം,” ഗംഭീർ പറഞ്ഞു.

Also Read: രോഹിത് ധോണിയെപ്പോലെ, കോഹ്ലിയിൽ നിന്ന് തീർത്തും വ്യത്യസ്തൻ: സുരേഷ് റെയ്‌ന

എന്നാൽ സെലക്ഷനിൽ അഭിപ്രായം പറയാനുള്ള അധികാരം മാത്രമാണ് നിലിവിൽ ഇന്ത്യൻ ക്രിക്കറ്റ് നിയമം നായകന് നൽകുന്നുള്ളൂവെന്നായിരുന്നു എംഎസ്കെ പ്രസാദിന്റെ മറുപടി. “സെലക്ഷൻ നടപടികളിൽ അഭിപ്രായം പറയാൻ സാധിക്കും. അതിൽ സംശയമില്ല. എന്നാൽ നമ്മുടെ ചട്ടപ്രകാരം അദ്ദേഹത്തിന് വോട്ടില്ല,” പ്രസാദ് വ്യക്തമാക്കി.

അമ്പാട്ടി റായിഡുവിനെ ഒഴിവാക്കി വിജയ് ശങ്കറിനെ ലോകകപ്പ് ടീമിലുൾപ്പെടുത്തിയത് ഞെട്ടിച്ചു. നാലാം നമ്പരിൽ ഒരാളെ കണ്ടെത്തേണ്ടതുണ്ടായിരുന്നെന്നും എന്നാൽ അവർക്ക് അതിന് സാധിച്ചില്ലെന്നും ഗംഭീർ കുറ്റപ്പെടുത്തി. അമ്പാട്ടി റായിഡുവിനെ നാലാം നമ്പരിൽ കളിക്കാൻ തയ്യാറാക്കണമായിരുന്നെന്ന് ഗംഭീർ പറഞ്ഞു. ഇക്കാര്യത്തിൽ 3-ഡി ആയി വേണം സമീപിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ദൈവത്തെയോർത്ത് ഞങ്ങളെ പോകാൻ അനുവദിക്കണം; ബിസിസിഐയോട് അഭ്യർത്ഥിച്ച് റോബിൻ ഉത്തപ്പ

എന്നാൽ ബോളിങ് ഓപ്ഷൻ കൂടി പരിഗണിച്ചാണ് വിജയ് ശങ്കിറിനെ തിരഞ്ഞെടുത്തതെന്നായിരുന്നു പ്രസാദിന്റെ മറുപടി. ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്‌ലി ഇവരാരും തന്നെ പന്തെറിയുന്നവരല്ല. ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്നതോടൊപ്പം ഇംഗ്ലീഷ് സാഹചര്യങ്ങളിൽ പന്തെറിയാനും സാധിക്കും എന്ന ചിന്തയിലാണ് ശങ്കർ ടീമിലിടം പിടിച്ചതെന്നും പ്രസാദ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook