ഡല്‍ഹി: ഒന്നിലധികം വട്ടം ഐപിഎല്‍ കിരീട മുയര്‍ത്തിയ ക്യാപ്റ്റന്മാരിലൊരാളാണ് ഗൗതം ഗംഭീര്‍. ഏഴ് വര്‍ഷത്തെ ഒരുമിച്ചുള്ള യാത്ര മതിയാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് വിട പറയുമ്പോല്‍ ഗംഭീറിന്റെ മനസിലുണ്ടായിരുന്നത് തന്റെ ഹോം ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ കളിക്കുക എന്നു മാത്രമായിരുന്നു. ഒരു ക്യാപ്റ്റനെ തേടി നടന്നിരുന്ന ഡല്‍ഹി ഇരുകയ്യും നീട്ടി ഗംഭീറിനെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ആറ്് മത്സരം പൂര്‍ത്തിയാകുമ്പോഴേക്കും ഗംഭീര്‍ ഡല്‍ഹിയുടെ നായകസ്ഥാനം ഉപേക്ഷിച്ചിരിക്കുകയാണ്.

ഗംഭീറിന് പകരക്കാരനായി ഡല്‍ഹി തിരഞ്ഞെടുത്തിരിക്കുന്നത് മലയാളിയായ ശ്രേയസ് അയ്യരിനെയാണ്. ഈ സീസണില്‍ ഡ്ല്‍ഹി നിലനിര്‍ത്തിയ മൂന്ന് താരങ്ങളിലൊരാളായിരുന്നു അയ്യര്‍. സ്ഥാനമൊഴിഞ്ഞു കൊണ്ട് ഗംഭീര്‍ പറഞ്ഞത് ടീമിന്റെ പരാജയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നു എന്നാണ്.

”ടീമിന്റെ ഇപ്പോഴത്തെ നിലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. അതുകൊണ്ടാണ് ഞാന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതും. ഇനി ശ്രേയസ് നയിക്കും. അതേസമയം കാര്യങ്ങള്‍ മാറ്റി മറിക്കാനുള്ള ടീം ഞങ്ങളുടെ പക്കലുണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്,” ഗംഭീര്‍ പറയുന്നു. അതേസമയം സ്ഥാനമൊഴിഞ്ഞതിന് പിന്നില്‍ ടീം അധികൃതരുടെ ഭാഗത്തു നിന്നുമുള്ള സമ്മര്‍ദ്ദമില്ലെന്നും ഗംഭീര്‍ വിശദീകരിച്ചു.

”പൂര്‍ണ്ണമായും എന്റെ മാത്രം തീരുമാനമാണ്. ടീം അധികൃതരുമായി മീറ്റിംഗ് നടത്തിയത് എന്റെ മാത്രം ആഗ്രഹ പ്രകാരമാണ്. ടീമിന് വേണ്ടി കാര്യമായ സംഭവാനയൊന്നും നല്‍കാന്‍ എനിക്ക് സാധിച്ചിട്ടില്ല. അതും ടീമിന്റെ പ്രകടനവും കണക്കിലെടുക്കുമ്പോള്‍ കപ്പലിന്റെ കപ്പിത്താന്‍ എന്ന നിലയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് എന്റെ ബാധ്യതയായിരുന്നു. ഇതാണ് ശരിയായ സമയമെന്ന് തോന്നി,” ഗംഭീര്‍ വ്യക്തമാക്കുന്നു.

”പക്ഷെ ഞങ്ങളിപ്പോഴും മത്സരത്തില്‍ നിന്നും പുറത്തായിട്ടില്ല. ചിലപ്പോള്‍ നിങ്ങളുടെ മനസ് പറയും ഇതാണ് ശരിയായ സമയമെന്ന്. അത് കേട്ടു എന്നുമാത്രം. അല്ലാതെ മാനേജുമെന്റിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുള്ള സമ്മര്‍ദ്ദവുമുണ്ടായിരുന്നില്ല,” താരം കൂട്ടിച്ചേര്‍ക്കുന്നു.

അര്‍ധസെഞ്ച്വറിയോടെയായിരുന്നു സീസണിന് ഗംഭീര്‍ തുടക്കമിട്ടതെങ്കിലും പിന്നീട് രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് താരം ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ വച്ച് കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ഡെയര്‍ഡെവിള്‍സിന്റെ അടുത്ത മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ