/indian-express-malayalam/media/media_files/uploads/2019/10/gautam-gambhir.jpg)
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ എട്ട് വിക്കറ്റിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബാറ്റിങ് നിരയും ബോളിങ് നിരയും ഒരുപോലെ കളി മറന്ന അഡ്‌ലെയ്ഡിൽ നിന്ന് ബോക്സർ ഡേയിലേക്ക് എത്തുമ്പോൾ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. അതിന് അഞ്ച് മാറ്റങ്ങൾ ടീമിൽ വേണമെന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം.
നായകൻ കോഹ്‌ലിയും പരുക്കേറ്റ പേസർ മുഹമ്മദ് ഷമിയും രണ്ടാം മത്സരത്തിൽ കളിക്കില്ല. ബോളിങ് ഡിപ്പാർട്മെന്റിൽ അഞ്ച് സ്‌പെഷ്യലൈസ്ഡ് താരങ്ങൾ വേണമെന്നാണ് ഗംഭീറിന്റെ നിർദേശം. ഒപ്പം ബാറ്റിങ് നിരയിലും കാര്യമായ മാറ്റങ്ങൾ ഗംഭീർ നിർദേശിക്കുന്നു.
‘പൃഥ്വി ഷാ തന്നെയാകണം ഇന്ത്യയുടെ ഓപ്പണറെന്നായിരുന്നു പരമ്പര തുടങ്ങും മുൻപ് എന്റെ നിലപാട്. മുൻപ് ടീം ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഈ വർഷമാദ്യം ന്യൂസീലൻഡിൽ വീണ്ടുമൊരു അർധസെഞ്ചുറിയും നേടിയ താരത്തെ കളിപ്പിക്കാതിരിക്കുന്നതെങ്ങനെ? പക്ഷേ, അദ്ദേഹം ഫോമിലല്ലെന്ന് ഒറ്റ മത്സരം കൊണ്ട് തന്നെ വ്യക്തമായിക്കഴിഞ്ഞു,’ ഗംഭീർ പറഞ്ഞു.
പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാൻ ഗിൽ ഇന്ത്യൻ ഇന്നിങ്സ് മായങ്കിനൊപ്പം ഓപ്പൺ ചെയ്യണമെന്നാണ് ഗംഭീർ പറയുന്നത്. അജിൻക്യ രഹാനെ നാലാം നമ്പറിൽ കളിക്കണം. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം മുന്നിൽനിന്നു തന്നെ നയിക്കട്ടെ. അഞ്ചാം നമ്പറിൽ കെ.എൽ. രാഹുലാണ് കളിക്കേണ്ടത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്താണ് ആറാം നമ്പറിന് യോഗ്യൻ. രവീന്ദ്ര ജഡേജ ഏഴാമനായും രവിചന്ദ്രൻ അശ്വിൻ എട്ടാമനായും ബാറ്റിങ്ങിന് എത്തണമെന്നും ഗംഭീർ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.