ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്നു വിരമിക്കേണ്ട സമയമായെന്ന് ആവര്‍ത്തിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ഭാവി കൂടി നോക്കി വേണം ഒരു താരം വിരമിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാനെന്നും ഗംഭീര്‍ പറഞ്ഞു.
“വിരമിക്കൽ തീരുമാനം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. പക്ഷേ, ഭാവിയിലേക്ക് കൂടി നോക്കണം. ധോണിക്ക് അടുത്ത ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇന്ത്യന്‍ നായകനെന്ന നിലയില്‍ കോഹ്ലിയോ (നായകസ്ഥാനത്തുള്ളത് വേറെ ആരാണെങ്കിലും) മറ്റാരെങ്കിലുമോ ധോണിയോട് കാര്യങ്ങള്‍ സംസാരിക്കണം. നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെട്ടു പോകാന്‍ സാധിക്കില്ലെന്നു ധോണിയോട് പറയണം” ഗംഭീര്‍ പറഞ്ഞു.
“അടുത്ത നാലഞ്ച് വര്‍ഷങ്ങള്‍ പുതിയ താരങ്ങള്‍ക്കുള്ള സമയമാണ്. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട സമയമാണ്. ഇത് രാജ്യത്തിനുവേണ്ടിയാണ്. അല്ലാതെ ധോണിക്ക് വേണ്ടിയല്ല. അടുത്ത ലോകകപ്പില്‍ ധോണി കളിക്കുമോ ഇല്ലയോ എന്നതല്ല വിഷയം. മറിച്ച് അടുത്ത ലോകകപ്പ് ഇന്ത്യ നേടുന്നതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. ഋഷഭ് പന്തിനും സഞ്ജു സാംസണും മറ്റ് യുവതാരങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കണം. വളരെ വ്യക്തിപരമായി പറഞ്ഞാല്‍ ധോണിയില്‍ നിന്നു വിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ആലോചിക്കേണ്ട സമയമായി” ഗംഭീര്‍ വ്യക്തമാക്കി.