മുന്‍ ക്രിക്കറ്റ് താരം ഗാരി ക്രിസ്റ്റണ്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിങ് പരിശീലകനാകും. അടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലാണ് അദ്ദേഹം വിരാട് കോഹ്‌ലിയുടെ ടീമിനെ പരിശീലിപ്പിക്കുക. നേരത്തേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് അദ്ദേഹം പരിശീലനം നല്‍കിയിട്ടുണ്ട്.

അതേസമയം ഗാരി ക്രിസ്റ്റണെ പരിശീലകനായി തിരഞ്ഞെടുത്ത കാര്യം ആര്‍സിബി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ന്യൂസിലൻഡ് താരം ഡാനിയല്‍ വെട്ടോറിയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. അദ്ദേഹത്തിന്റെ കീഴില്‍ നാല് വര്‍ഷം കളിച്ച ആര്‍സിബി 2014ല്‍ റണ്ണേഴ്സ് അപ് ആയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ വെറും മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ടീം ജയിച്ചത്.

2008-11 കാലഘട്ടത്തിലാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ഗാരി ടീം ഇന്ത്യയുടെ പരിശീലകനായത്. 20114 ലെ ഏകദിന ലോകകപ്പ് ഉള്‍പ്പെടെ നിരവധി കിരീടങ്ങളാണ് ക്രിസ്റ്റന് കീഴില്‍ അന്ന് ഇന്ത്യ നേടിയത്. അന്ന് നായകനായിരുന്ന എം.എസ്.ധോണിയുടെ സുവര്‍ണകാലഘട്ടം കൂടിയായിരുന്നു അത്. ഇന്ത്യയുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് ശേഷം കേസ്റ്റണ്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെയും പരിശീലകനായിരുന്നു. 2011-13 കാലഘട്ടത്തിലാണ് ഗാരി കേസ്റ്റണ്‍ ദക്ഷിണാഫ്രിക്കയുടെ പരിശീലകനായത്. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു പ്രാദേശിക ക്ലബ്ബ് പരിശീലകനാണ് ക്രിസ്റ്റൺ.

ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജി വച്ചതിന് പിന്നാലെ ഗാരി ക്രിസ്റ്റണിനെ ഇന്ത്യയുടെ പരിശീലകനാക്കാന്‍ ബിസിസിഐ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ടീം ഇന്ത്യയുടെ കോച്ചാകാന്‍ നിലവില്‍ താല്‍പ്പര്യമില്ലെന്ന് ക്രിസ്റ്റൺ അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ