ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന സൈനിങ്ങുകളിലൊന്നാണ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പ്രീമിയർ ലീഗിലും സ്കോട്ടിഷ് ലീഗിലുമടക്കം മിന്നും പ്രകടനം കാഴ്ചവച്ച ഗാരി ഹൂപ്പർ ഇനി മഞ്ഞക്കുപ്പായത്തിൽ കളിക്കും. റൂമറുകൾ സജീവമായിരുന്നെങ്കിലും ക്ലബ്ബിന്റെ ഭാഗത്ത് നിന്നുള്ള സ്ഥിരീകരണമുണ്ടായത് തിങ്കളാഴ്ചയാണ്. മെസിയെയും മുസ്തഫയെയുമടക്കം 12 താരങ്ങളെ ഒഴിവാക്കിയ സൂപ്പർ സൺഡേക്ക് ശേഷം തൊട്ടടുത്ത ദിവസം തന്നെ സൂപ്പർ താരത്തെ ക്ലബ്ബിലെത്തിച്ച് ആരാധകരെ തൃപ്തിപ്പെടുത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ ഗാരിയുടെ വരവ് ബ്ലാസ്റ്റേഴ്സിന്റെ കിരീട പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നതാണോ? അറിയാം ആരാണ് ഗാരി ഹൂപ്പർ.
Also Read: രാജാവിന്റെ മകൻ; ആരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം വിൻസെന്റ് ഗോമസ്?
സെൽറ്റിക്, നോർവിച്ച് സിറ്റി, ഷെഫീൽഡ് വെനസ്ഡേ, വെല്ലിങ്ടൺ ഫെനിക്സ് എന്നീ പ്രമുഖ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ ശേഷമാണ് ഐസിഎല്ലിലേക്കുള്ള താരത്തിന്റെ വരവ്. മുന്നേറ്റ നിരയിൽ ഗോൾ കണ്ടെത്താൻ സാധിക്കുന്ന താരമാണ് ഗാരി.
കളി ജീവിതത്തിലൂടെ…
ഓസ്ട്രേലിയൻ ലീഗായ എ ലീഗിലെ വെല്ലിങ്ടൺ ഫെനിക്സിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് ഗാരി എത്തുന്നത്. കഴിഞ്ഞ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും നാല് അസിസ്റ്റുമടക്കം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരത്തിന്റെ തുടക്കം ടോട്ടനം ഹോട്ട്സ്പറിന്റെ അക്കാദമിയിൽ നിന്നുമാണ് കളി ജീവിതം ആരംഭിക്കുന്നത്.
ടോട്ടനത്തിൽ നിന്ന് ഗ്രേസ് അത്ലറ്റിക് എന്ന ഇംഗ്ലിഷ് ടീമിന്റെ യൂത്ത് ടീമിലേക്ക് എത്തിയ താരം പ്രെഫഷണൽ കരിയറിനും തുടക്കം കുറിച്ചു. പിന്നീട് സൗത്തെൻഡ് യുണൈറ്റഡിലേക്ക് ചേക്കേറിയ താരത്തെ ലോൺ അടിസ്ഥാനത്തിൽ ഹെർഫോർഡ് യുണൈറ്റഡിലേക്കും സ്ഥിരമായി സ്കാൻഥർപ് യുണൈറ്റഡിലേക്കും എത്തി. രണ്ട് സീസണുകളിൽ നിന്നായി 44 ഗോളുകളാണ് താരം അടിച്ചെടുത്തത്.
Also Read: ‘മിന്നൽ രാഹുൽ’; മലയാളി താരവുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്
ഇതോടെ സ്കോട്ടിഷ് വമ്പന്മാരായ സെൽറ്റിക്കിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ താരം ടീമിലെത്തിയെങ്കിലും ആദ്യ സീസണിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ പിന്നീടുള്ള മൂന്ന് വർഷം സെൽറ്റിക്കിനൊപ്പം എന്നും ഗാരി ഹൂപ്പറിന്റെ പേരും ചേർത്തു വായിക്കപ്പെട്ടു. മൂന്ന് സീസണിലും സെൽറ്റിക്കിന്റെ ടോപ് സ്കോററായ ഗാരി ഒരു തവണ ടൂർണമെന്റിലെ തന്നെ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. രണ്ട് തവണ ടീമിന് സ്കോട്ടിഷ് പ്രീമിയർഷിപ്പും ഡൊമസ്റ്റിക് കപ്പും സമ്മാനിക്കുന്നതിലും അദ്ദേഹം പങ്കാളിയായി.
പിന്നീട് ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ താരം ഇംഗ്ലിഷ് ചാംപ്യൻഷിപ്പ് ക്ലബ്ബായ നോർവിച്ച് സിറ്റിയുടെ ഭാഗമായി. 2015 മുതൽ ഷെഫീൽഡിൽ എത്തിയ താരം മിന്നും പ്രകടനവുമായി തിളങ്ങിയതോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞു. 2019 ഐഎസ്എല്ലിൽ റോയ് കൃഷ്ണയെ എടികെ ടീമിലെത്തിച്ചപ്പോൾ ഓസ്ട്രേലിയൻ വമ്പന്മാരായ വെല്ലിങ്ടൺ കണ്ടെത്തിയ പകരക്കാരനായിരുന്നു ഗാരി. എ ലീഗിൽ മൂന്നാം സ്ഥാനത്ത് ടീമിനെയെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
പെർഫെക്ട് സ്ട്രൈക്കർ; ഗാരിയുടെ കരുത്ത് എന്തൊക്ക?
കേരള ബ്ലാസ്ടേഴ്സിന്റെ കിരീട പ്രതീക്ഷകളുടെ ഭാഗമായി ടീമിലെത്തുന്ന ഗാരി ഹൂപ്പറിന്റെ പ്രകടനത്തിൽ എടുത്ത് പറയേണ്ടത് ഫിനിഷിങ്ങാണ്. ഒരു സ്ട്രൈക്കർക്കുവേണ്ട ഏറ്റവും മികച്ച ഗുണമാണത്. ബോക്സ് ടൂ ബോക്സ് ഗോൾ സ്കോററെന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന താരം വ്യത്യസ്ത കോമ്പിനേഷനുകളിൽ ഗോൾ കണ്ടെത്താൻ മിടുക്കനാണ്. ഫസ്റ്റ് ടച്ചിൽ തന്നെ ഗോളാക്കാൻ സാധിക്കുന്ന താരം നിശ്ചയദാർഢ്യംകൊണ്ടും ടീമിന് ഗുണം ചെയ്യും.
പരുക്കും മെരുക്കും; ഗാരിയുടെ പോരായ്മകൾ
കരിയറിലുടനീളം പരുക്ക് വലച്ചിട്ടുള്ള ഒരു താരമാണ് ഗാരി ഹൂപ്പർ. എല്ലായ്പ്പോഴും ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ടെങ്കിലും ഐഎസ്എൽ പോലെ ഒരു ഷോർട്ട് ടേം ലീഗിലേക്ക് എത്തുമ്പോൾ ചെറിയ പരുക്കുപോലും ടീമിന് തലവേദനായാകും. അതോടൊപ്പം ഒട്ടും അഗ്രസീവല്ലാത്ത താരമാണ് ഗാരി. അതുകൊണ്ട് തന്നെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ഗോളവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ അദ്ദേഹത്തിന് ശോഭിക്കാനാകില്ല.
ബ്ലാസ്റ്റേഴ്സിലെ പ്രതീക്ഷകൾ
ഓഗ്ബച്ചെയുടെ പകരക്കാരനായിട്ടാണോ താരത്തിന്റെ വരവ് എന്ന് ചോദിച്ചാൽ അതെയെന്ന് തന്നെയാണ് ഉത്തരം. കാരണം ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ടീമിലെത്തിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച സ്ട്രൈക്കറാണ് ഗാരി ഹൂപ്പർ. ഓഗ്ബച്ചെയ്ക്ക് പകരം മുന്നേറ്റ നിരയിൽ എതിരാളികൾക്ക് വെല്ലുവിളി സൃഷ്ടിക്കാൻ സാധിക്കുന്ന താരം നേരത്തെ ടീമിലെത്തിയ അർജന്റീനിയൻ സ്ട്രൈക്കർ ഫകുണ്ടോയ്ക്കൊപ്പം ബോക്സിനകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. സൂപ്പർ സൻഡേയിൽ പത്തിലധികം താരങ്ങളെ ഒഴിവാക്കിയ ബ്ലാസ്റ്റേഴ്സ് സമ്പൂർണ ഉടച്ചുവാർക്കലിലേക്കാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതിന് കൂടുതൽ ശക്തി പകരുന്നത് തന്നെയാണ് ഹൂപ്പറിന്റെ സൈനിങ്.