പ്രമുഖ ലീഗുകള്‍ ഒക്കെ അവസാനിച്ചതോടെ ഫുട്ബോള്‍ ലോകം ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഫുട്ബോളിലെ പുതിയ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്കായി കാതുകൂര്‍പ്പിച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബാള്‍ ആരാദകര്‍.

റയല്‍ മാഡ്രിഡ് തന്നെയാണ് ട്രാന്‍സ്ഫര്‍ വാര്‍ത്തകളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത്. റയലിന്‍റെ സൂപ്പര്‍താരം ഗാരത്ത് ബേല്‍ ക്ലബ് വിട്ടേക്കും എന്നാണു സൂചനകള്‍. ബേലിനായി ഫ്രഞ്ച് ക്ലബ് പാരിസ് സെയ്ന്‍റ് ജര്‍മന്‍ രംഗത്തെത്തിയിട്ടുണ്ട്. ബേലിനു പകരം മൊണാക്കോയുടെ അത്ഭുതബാലന്‍ കൈല്യന്‍ ബാബെയെ ടീമില്‍ എത്തിക്കാന്‍ ആണ് സിദ്ദാന്‍ ശ്രമിക്കുന്നത് എന്നാണു വാര്‍ത്തകള്‍. റയല്‍ പ്രസിഡന്റ് പാരീസില്‍ പോയി ബാബെയുടെ കുടുംബത്തെ സന്ദര്‍ശിച്ചു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ചെല്‍സിയുടെ മധ്യനിരതാരം നെമാഞ്ച മാറ്റിക് വരും സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ചുവപ്പുകുപ്പായം അണിയും എന്നതാണ് മറ്റൊരു അഭ്യൂഹം. നാല്‍പതു ദശലക്ഷം യൂറോ ആവും മാഞ്ചസ്റ്റര്‍ മാറ്റിക്കിനായി ചെലവിടുക എന്ന്‍ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലേസിസ്റ്റര്‍ സിറ്റിയുടെ ഇടതു വിങ്ങര്‍ മഹ്രെസ് ആണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ബാര്‍സലോണ പ്രതീക്ഷകള്‍ കൈവിട്ട റിയാദ് മഹ്രെസ് നാല്‍പത് ദശലക്ഷം യൂറോയ്ക്ക് ആഴ്സണലുമായി കരാറില്‍ ഏര്‍പ്പെടാന്‍ ധാരണയായി എന്നാണു റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ജര്‍മന്‍ ക്ലബ്ബായ ആര്‍ബി ലേയ്പ്സിഗിലെ മധ്യനിരതാരം നാബി കെയ്റ്റ ലിവര്‍പൂളിലേക്ക് ചേക്കേറും എന്നതാണ് മറ്റൊരു അണിയറ സംസാരം. മുഹമ്മദ്‌ സലക്കായി ലിവര്‍പൂള്‍ ചിലവിട്ടത്തിന്റെ ഇരട്ടിതുകയാവും കെയ്റ്റക്കായി ചെലവിടേണ്ടിവരിക.

ആഴ്സണലും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ അലക്സിസ് സാഞ്ചസ്, സെര്‍ജിയോ അഗ്വേരോ എന്നിവരെ കൈമാറാന്‍ കരാര്‍ ഒരുങ്ങുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. ടോട്ടന്‍ഹാം സ്ട്രൈക്കര്‍ ഹാരി കേനിനായുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമങ്ങളും ആന്റോണിയോ കൊണ്ടെക്കു വേണ്ടിയുള്ള ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ശ്രമങ്ങളും അഭ്യൂഹങ്ങളായി തുടരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ