കീവ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ലിവർപൂളിനെ തകർത്ത് റയൽ കിരീടം ചൂടി. ഇരട്ടഗോൾ നേടിയ ഗാരെത് ബെയ്ൽ മുന്നിൽ നിന്ന് നയിച്ച മൽസരത്തിൽ 3-1 നാണ് റയലിന്റെ വിജയം. റയലിന് വേണ്ടി ബെൻസെമയാണ് ആദ്യ ഗോൾ നേടിയത്.
ചാംപ്യൻസ് ലീഗിൽ ഇത് തുടർച്ചയായ മൂന്നാം തവണയാണ് റയൽ കിരീടം ചൂടുന്നത്. സൂപ്പർ താരം മുഹമ്മദ് സാല ആദ്യ പകുതിയിൽ തന്നെ പരുക്കേറ്റ് പിന്മാറിയതാണ് ലിവർപൂളിന് തിരിച്ചടിയായത്. എങ്കിലും ആദ്യ പകുതിയിൽ അവർ ഗോൾ വഴങ്ങാതെ കളിച്ചു.
കരിം ബെൻസെമയിലൂടെയാണ് റയൽ ആദ്യം ലീഡ് എടുത്തത്. 51-ാം മിനിറ്റിലെ ഈ ഗോളിന് 55-ാം മിനിറ്റിൽ സെനഗൽ താരം സാദിയോ മാനെയിലൂടെ ലിവർപൂൾ സമനില പിടിച്ചു. എന്നാൽ ഗോൾകീപ്പർ ലോറിസ് കറിയൂസിന്റെ ഇരട്ടപ്പിഴവും ഇംഗ്ലീഷ് ടീമിനെ തളർത്തി.
പക്ഷെ മൈതാനത്തുണ്ടായിരുന്ന താരങ്ങളായിരുന്നില്ല, പകരക്കാരനായി ഇറങ്ങിയ ഗാരത് ബെയ്ൽ ആണ് പിന്നീട് ഇംഗ്ലീഷ് പടയെ നിഷ്പ്രഭരാക്കിയത്. ബെയ്ലിന്റെ ഇരട്ടഗോളിലൂടെ റയൽ തുടർച്ചയായ മൂന്നാം കിരീടം ഉറപ്പിക്കുകയായിരുന്നു.
ഇത് റയലിന്റെ 13-ാം ചാമ്പ്യൻസ് ലീഗ് കിരീടമാണ്. ഈ നൂറ്റാണ്ടിൽ ഹാട്രിക്ക് കിരീടം നേടുന്ന ടീമെന്ന ചരിത്ര നേട്ടമാണ് റയൽ സ്വന്തമാക്കിയത്. 1956 മുതൽ 60വരെ (അന്ന് യൂറോപ്യൻ കപ്പ്) റയൽ തുടർച്ചയായി കിരീടം നേടിയിരുന്നു. ഇതോടെ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോർഡിന് ക്രിസ്റ്റ്യാനോ റൊണാൾഡോയും അർഹനായി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook