ലണ്ടൻ: സ്പെയിനിന്റെ ഗാർബിൻ മുഗുരുസ വിംബിൾഡൻ വനിതാ വിഭാഗം ഫൈനലിൽ പ്രവേശിച്ചു. സ്ലോവാക്യയുടെ മഗ്ദലേന റൈബറികോവയെ സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്കു തകർത്താണ് മുഗുരുസ കലാശപ്പോരാട്ടത്തിന് ഇടംപിടിച്ചത്. 6-1, 6-1 എന്ന സ്കോറിനായിരുന്നു മുഗുരുസയുടെ വിജയം.
തികച്ചും ഏകപക്ഷീയമായ മത്സരം വെറും 65 മിനിറ്റ് മാത്രമാണ് നീണ്ടത്. 14-ാം സീഡായ മുഗുരുസയുടെ രണ്ടാം വിംബിൾഡൻ ഫൈനലാണിത്. ഏഴാം സീഡ് കുസ്നെറ്റ്സോവയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് മുഗുരുസ അവസാന നാലിൽ കടന്നത്.
അമേരിക്കയുടെ വീനസ് വില്യംസും ബ്രിട്ടന്റെ ജൊഹാന കോന്റയും തമ്മിലുള്ള പോരാട്ടത്തിലെ വിജയിയെ മുഗുരുസ ഫൈനലിൽ നേരിടും.