മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളാണ് എംഎസ് ധോണി. ശാന്തനും പക്വതയോടെ ടീമിനെ നയിക്കുന്ന, കളിയെ പഠിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന നായകന്‍. എന്നാല്‍ വര്‍ഷങ്ങള്‍ മുമ്പ് റാഞ്ചിയില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹൃദയത്തിലേക്ക് വന്നിറങ്ങിയ ധോണി ഇങ്ങനെയായിരുന്നില്ല. കൊടുങ്കാറ്റായിരുന്നു ധോണിയുടെ ബാറ്റില്‍ നിന്നും പലപ്പോഴും പുറപ്പെട്ടത്. എതിരാളികളെ യാതൊരു ദയയുമില്ലാതെ പ്രഹരിച്ചിരുന്ന ധോണിയുടെ ആറ്റിറ്റിയൂഡ് പോലെ തന്നെ ആകര്‍ഷണീയമായിരുന്നു ആ നീളന്‍ മുടിയും. ധോണിയെ അനുകരിച്ച് മുടി നീട്ടി വളര്‍ത്തിയ യുവാക്കള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും അന്നുണ്ടായിരുന്നു.

ധോണിയും ധോണിയുടെ നീളന്‍ മുടിയും ഇന്ത്യയിലെന്ന പോലെ പാകിസ്ഥാനില്‍ പോലും ഹിറ്റായിരുന്നു. ധോണിയുടെ മുടിയോട് ഇഷ്ടം തോന്നിയ അന്നത്തെ പാക് പ്രസിഡന്റ് പറവേസ് മുഷറഫ് ധോണിയോട് മുടി മുറിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ലാഹോറില്‍ നടന്ന ഇന്ത്യ-പാക് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയായിരുന്നു മുഷറഫ് ധോണിയുടെ മുടിയെ പ്രശംസിച്ചത്. 46 പന്തില്‍ നിന്നും 72 റണ്‍സുമായി ധോണിയായിരുന്നു അന്ന് മാന്‍ ഓഫ് ദ മാച്ച് നേടിയത്.

”ഇവിടെ കണ്ട ചില പ്ലക്കാര്‍ഡുകള്‍ പറയുന്നത് നിങ്ങള്‍ മുടി വെട്ടണമെന്നാണ്. എന്നാല്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ഇത് നന്നായി ചേരുന്നുണ്ട്. മുടി മുറിക്കരുത് എന്നാണ്” സമ്മാനം നല്‍കി കൊണ്ട് അന്ന് മുഷറഫ് ഇങ്ങനെ പറഞ്ഞു. പാക് പ്രസിഡന്റിനെ തന്റെ മുടി കൊണ്ട് വീഴ്ത്തിയ ധോണി അന്ന് വാര്‍ത്തകളില്‍ താരമായിരുന്നു. അന്നത്തെ സംഭവം ഓര്‍ത്തെടുത്തു കൊണ്ട് മറ്റൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ്വ് ഗാംഗുലി.

ധോണിയെ കുറിച്ച് മുഷറഫുമായി നടത്തിയ സംഭാഷണമാണ് ഗാംഗുലി ഓര്‍ത്തെടുത്തത്. ധോണിയെ നോക്കി തന്നോടായി, ഇവനെ എവിടെ നിന്നുമാണ് കിട്ടിയതെന്ന് മുഷാറഫ് ചോദിച്ചത് ഗാംഗുലി ഇന്നും ഓര്‍ക്കുന്നുണ്ട്.”എനിക്കിന്നും ഓര്‍മ്മയുണ്ട്, നിങ്ങള്‍ക്കിവനെ എവിടെ നിന്നും കിട്ടിയെന്നായിരുന്നു മുഷറഫ് ചോദിച്ചത്. വാഗാ ബോര്‍ഡറിന് അടുത്തുകൂടെ നടന്ന് പോകുന്നത് കണ്ടെന്നും ഉടനെ തന്നെ അവനെ അകത്തേക്ക് വലിച്ചിട്ടെന്നുമായിരുന്നു എന്റെ മറുപടി” ഗാംഗുലി പറയുന്നു.

2004ല്‍ ബംഗ്ലാദേശിനെതിരെ ധോണി അരങ്ങേറുമ്പോള്‍ ഗാംഗുലിയായിരുന്നു ഇന്ത്യയുടെ നായകന്‍. അരങ്ങേറ്റത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും പെട്ടന്നു തന്നെ ഇന്ത്യന്‍ ടീമില്‍ ധോണി നിര്‍ണായക സാന്നിധ്യമായി. 2007 ല്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണി ട്വന്റി-20 ലോകകപ്പ് നേടുകയും ചെയ്തു. 2014 വരെ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ധോണി ടെസറ്റില്‍ നിന്നും വിരമിച്ചെങ്കിലും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ 2017 ല്‍ വിരാട് കോഹ്ലി നായകനാകുന്നത് വരെ ഇന്ത്യയെ നയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook