മുംബൈ: ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രിയുടെ പ്രതികരണത്തെ അപക്വമെന്ന് വിളിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പ്രസ്താവനയെ അഭിനന്ദിച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി. കോഹ്ലിയുടേത് എക്കാലത്തേയും മികച്ച ഓവര്‍സീസ് ടൂറിങ് ടീമാണെന്ന ശാസ്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു ഗാംഗുലി രംഗത്തെത്തിയത്. ശാസ്ത്രി പക്വതയില്ലാതെയാണ് പ്രതികരിക്കുന്നതെന്നും കണക്കുകള്‍ പരിശോധിക്കണെന്നുമായിരുന്നു ഗാംഗുലിയുടെ മറുപടി.
ഇതിന് പിന്നാലെ പത്രസമ്മേളനത്തില്‍ ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയ വിരാടിനെ ഗാംഗുലി അഭിനന്ദിക്കുകയായിരുന്നു. ബെർമിങ്ഹാമിലും സതാംപ്ടണിലും ടീമിനെ തനിക്ക് വിജയത്തിലേക്ക് എത്തിക്കാനായില്ലെന്നും അതാണ് ടീമിനെ പരമ്പരയില്‍ പിന്നിലാക്കിയതെന്നുമായിരുന്നു വിരാടിന്റെ പ്രതികരണം. ഇതുപോലെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള വ്യക്ത്വിത്വമാണ് വിരാടിനെ വ്യത്യസ്തനാക്കുന്നതെന്നായിരുന്നു ഗാംഗുലി പറഞ്ഞത്.
”പത്രസമ്മേളനത്തിനിടെ എന്തുകൊണ്ടാണ് ഇന്ത്യ സതാംപ്ടണില്‍ തോറ്റതെന്ന് ചോദിച്ചപ്പോള്‍, താന്‍ കുറച്ച് കൂടി കളിച്ചിരുന്നുവെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നു എന്നാണ് വിരാട് പറഞ്ഞത്. അദ്ദേഹത്തെ പോലെ വലിയ താരങ്ങള്‍ക്ക് മാത്രമേ ഇതുപോലെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവൂ. അവര്‍ ഒരിക്കലും ന്യായീകരണങ്ങളുമായി വരില്ല. കളിയോടുള്ള കോഹ്ലിയുടെ സമീപനം അന്നും ഇന്നും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണ്. ക്യാപ്റ്റന്റേയും കോച്ചിന്റേയും അഭിപ്രായങ്ങള്‍ വ്യത്യസ്തമാകുന്നത് അസാധാരണമല്ലേ?” എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.
”നല്ല ക്യാപ്റ്റന്റെ ഉത്തരവാദിത്വമാണ് നല്ല താരത്തെ ഉണ്ടാക്കുക എന്നതും. നീയാണ് എന്റെ തുറുപ്പു ചീട്ട്, നീ വേണം ജയിപ്പിക്കാന്‍ എന്ന് ഓരോരുത്തരോടും പറയാന്‍ ക്യാപ്റ്റന്‍ കഴിയണം. കോഹ്ലി ഒരു ചാമ്പ്യന്‍ ബാറ്റ്സ്മാന് ആണെന്നതില്‍ സംശയമില്ല. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ടീമിനെ എവിടെ എത്തിക്കുന്നു എന്നതാണ് കാണേണ്ടത്. അദ്ദേഹത്തിന്റെ നല്ല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ആവശ്യമുണ്ട്. എവിടെയൊക്കെയാണ് പിഴവുകളുള്ളതെന്ന് പറഞ്ഞ് കൊടുക്കാന്‍ ആരെങ്കിലും ഉണ്ടാകേണ്ടതുണ്ട്” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.