ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിനോട് തന്റെ പ്രിയപ്പെട്ട നായകൻ ആരെന്ന് ചോദിച്ചാലും ഉത്തരം സൗരവ് ഗാംഗുലി എന്ന പേരായിരിക്കും. ഗാംഗുലിക്ക് കീഴിലാണ് യുവി തന്റെ രാജ്യാന്തര അരങ്ങേറ്റം നടത്തുന്നത്. അടുത്തിടെയും ഗാംഗുലിയാണ് തന്റെ പ്രിയപ്പെട്ട നായകനെന്ന് യുവരാജ് പറഞ്ഞിരുന്നു. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് തന്നെ നന്നായി മനസിലാക്കാൻ ഗാംഗുലിക്ക് സാധിച്ചിരുന്നു എന്നാണ്, ഒരു നല്ല നായകന് വേണ്ട മികച്ച ഗുണം. അത് ശരിവയ്ക്കുകയാണ് ഗാംഗുലിയുടെ പുതിയ വെളിപ്പെടുത്തൽ.

ചാംപ്യൻസ് ട്രോഫിക്കായി കെനിയയിലെ നയ്റോബിയിലെത്തിയ കഥ പറഞ്ഞുകൊണ്ടാണ് യുവരാജിനെയും ഇന്ത്യൻ ടീമിനെയും താൻ എത്രത്തോളും മനസിലാക്കിയിരുന്നു എന്ന് ഗാംഗുലി വ്യക്തമാക്കിയത്. അന്ന് ഇന്ത്യൻ ടീമിലെ പുതുമുഖമായിരുന്ന യുവരാജിന്റെ പ്രായം 17-18 ആണെന്ന് ഓർത്തെടുത്ത ഗാംഗുലി, ആ പ്രായത്തിലെ ഒരു വ്യക്തിയുടെ ജീവിതത്തെ തനിക്ക് നന്നായി അറിയാമായിരുന്നു എന്നും പറഞ്ഞു.

Also Read: അമ്പാട്ടി റായിഡു ടീമിലുണ്ടായിരുന്നെങ്കിൽ 2019 ലോകകപ്പ് ഇന്ത്യ നേടിയേനെ: റെയ്‌ന

“കെനിയയിലെത്തിയ ശേഷം ടീം മീറ്റിങ്ങിനെല്ലാം മുമ്പ് ഞാൻ ആദ്യം കണ്ടത് സെക്യൂരിറ്റി ജീവനക്കാരനെയാണ്. ഞാൻ അവരോട് യുവരാജിന്റെ മുകളിൽ ഒരു പ്രത്യേക ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടു. കാരണം അയാൾ ജീവിതം ഇഷ്ടപ്പെടുന്നു, പുറത്ത് പോകാൻ ആഗ്രഹിക്കുന്നു, പാർട്ടിയിലും ബാറിലും സമയം കളയാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ശ്രദ്ധിക്കണമെന്നും യുവരാജ് എവിടെയാണെന്ന് എനിക്ക് അറിയണമെന്നും ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.”

എന്നാൽ ആദ്യ മത്സരത്തിന്റെ തലേദിവസം ടീം മീറ്റിങ്ങിന് ശേഷം സെക്യൂരിറ്റിയുടെയും ഗാംഗുലിയുടെയും കണ്ണു വെട്ടിച്ച് കടന്നു കളഞ്ഞ യുവി പോയത് നൈറ്റ് ക്ലബ്ബിലേക്കായിരുന്നു. ആ രാത്രിയിലെ സംഭവങ്ങളും വളരെ ഭംഗിയായി വിവരിച്ച ഗാംഗുലി താൻ അവിടെ പോയി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവിയെ കൂട്ടിക്കൊണ്ട് വന്നുവെന്നും രാത്രി റൂമിലേക്ക് വിളിച്ച് അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തിയെന്നും കൂട്ടിച്ചേർത്തു.

Also Read: പന്തെറിഞ്ഞ് ധോണി, ബാറ്റെടുത്ത് റെയ്ന; സാമ്പിൾ കൊള്ളാം, ഇനി അങ്കം യുഎഇയിൽ

ഒരു നായകനെന്ന നിലയിൽ യുവരാജിനെ പോലെ ഒരാളെ കൈകാര്യം ചെയ്യുന്ന സമയം തന്നെയാണ് രാഹുൽ ദ്രാവിഡും ടീമിലുള്ളതെന്നും ഗാംഗുലി പറഞ്ഞു. നാളെ ടെസ്റ്റ് മത്സരമുണ്ടെന്നും നിങ്ങൾ എപ്പോൾ ബ്രേക്ക്ഫാസ്റ്റ് ടേബിളിൽ ഉണ്ടാകുമെന്നും ചോദിച്ചാൽ, “ഞാൻ 7.30ന് ബ്രേക്ക്ഫാസ്റ്റ് ടേബിളിൽ എത്തും. കുറച്ച് പഴവർഗ്ഗങ്ങളും ഒരു ഓംലറ്റും ജ്യൂസും കഴിക്കും, ബസിലേക്ക് കയറുമ്പോൾ ഒരു ആപ്പിളും,” എന്ന് പറയുന്ന രാഹുൽ ഒരു വ്യത്യാസവുമില്ലാതെ അത് തന്നെ ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു.

നേതൃത്വത്തിലിരിക്കുമ്പോൾ പല തരത്തിലുള്ള ആളുകളുമായി ഇടപഴകേണ്ടി വരും. ഇവരെയെല്ലാം തിരിച്ചറിയുകയെന്നതാണ് നായകനെന്ന നിലയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഗാംഗുലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook