കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ വിഷമിപ്പിച്ചു കൊണ്ടായിരുന്നു വനിതാ ട്വന്റി-20 ലോകകപ്പില്‍ നിന്നും ഇന്ത്യന്‍ ടീം സെമിയില്‍ തോറ്റ് പുറത്തായത്. എന്നാല്‍ അതിനേക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു സെമയില്‍ ഇതിഹാസ താരം മിതാലി രാജിനെ പുറത്തിരുത്തിയത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് മിതാലി. കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ വരെ ടീമിനെ എത്തിച്ച ഇതിഹാസ നായികയുമാണ് മിതാലി. താരത്തിന്റെ അനുഭവ സമ്പത്തിനെ തള്ളിയാണ് ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് നായിക ഹര്‍മന്‍പ്രീതും പരിശീലകന്‍ രമേശ് പവാറുമെത്തിയത്.
മിതാലിയെ പുറത്താക്കിയതിനെതിരെ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും രംഗത്തെത്തുകയും വന്‍ വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായ സൗരവ്വ് ഗാംഗുലി. മിതാലിയെ പുറത്തിരുത്തിയതില്‍ താന്‍ ഒട്ടും അത്ഭുതപ്പെട്ടില്ലെന്നായിരുന്നു ദാദയുടെ പ്രതികരണം.
”ഇന്ത്യന്‍ നായകനായതിന് ശേഷം മിതാലിയെപ്പോലെ ഞാനും ഡഗ് ഔട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്. മിതാലിയും എന്നെപ്പോലെ തഴയപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍, ഈ ഗ്രൂപ്പിലേക്ക് സ്വാഗതം എന്നാണ് ഞാന്‍ പറഞ്ഞത്. ക്യാപ്റ്റന്‍ പറഞ്ഞാല്‍ പിന്നെ അതനുസരിക്കുകയേ വഴിയുള്ളു. 2006ല്‍ പാക്കിസ്ഥാനെതിരെ നടന്ന ഫൈസസാലാബാദ് ടെസ്റ്റിലായിരുന്നു എന്നെ പുറത്തിരിരുത്തിയത്. എന്റെ കരിയറിലെ മികച്ച സമയമായിരുന്നു അത് ” ടോളിഗഞ്ച് ക്രിക്കറ്റ് ക്ലബ്ബില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. 2006 ലെ പാകിസ്ഥാനെതിരായ മത്സരത്തിനിടെയാണ് ഗാംഗുലിയെ ഒഴിവാക്കിയത്.
ഏകദിനത്തിലെ ഏറ്റവും മികച്ച കളിക്കാരനായിട്ടും 15 മാസത്തോളം ഒറ്റ ഏകദിനത്തില്‍ പോലും എന്നെ കളിപ്പിക്കാതിരുന്നിട്ടുണ്ട്. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കും. എന്നാല്‍ ഇത് മിതാലിയുടെ കരിയറിന്റെ അവസാനമല്ലെന്നും ഗാംഗുലി പറഞ്ഞു. മിതാലി നിരാശയാകരുതെന്നും ടീമിന് വേണ്ടി അവര്‍ നേടിയ നേട്ടങ്ങള്‍ മിതാലി തിരികെ ടീമിലെത്തിക്കുമെന്നും താന്‍ മികച്ചതാണെന്ന വിശ്വാസം വേണമെന്നും ഗാംഗുലി പറഞ്ഞു.
അതേസമയം, മിതാലിയെ പുറത്തിരുത്തിയതിലല്ല, സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിലാണ് തനിക്ക് ഏറെ നിരാശയെന്നും ഗാംഗുലി പറഞ്ഞു. കാരണം ഈ ടീമിന് അതിനപ്പുറം പോവാനുള്ള മികവുണ്ടായിരുന്നു. ഇതൊക്കെ സംഭവിക്കും. കാരണം ജീവിതത്തില്‍ ഒന്നിനും ഗ്യാരണ്ടിയില്ലല്ലോ എന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.