പന്തില്‍ കൃത്രിമം കാണിച്ചെന്ന ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റേയും യുവതാരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റേയും വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് വലിയ പൊട്ടിത്തെറിക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ആരാധകരും ഓസീസ് ക്രിക്കറ്റ് ബോര്‍ഡുമെല്ലാം താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ഒരു മൽസരത്തില്‍ നിന്നും വിലക്കും മാച്ച് ഫീയുടെ നൂറ് ശതമാനവുമാണ് സ്മിത്തിനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ. ശിക്ഷ കൂടാനുള്ള സാധ്യതകളും കാണുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഓസീസ് നായകനും ടീമിനുമെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുകയാണ്. സ്മിത്തിനെതിരെയുള്ള ഐസിസിയുടെ നടപടി കുറഞ്ഞ് പോയെന്ന വിമര്‍ശനവുമായാണ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്. ഒരു മൽസരത്തിലെ വിലക്കും മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയും ചെറിയ ശിക്ഷയാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഗാംഗുലി പറയുന്നു.

യുവതാരമായ ബാന്‍ക്രോഫ്റ്റിന്റെ ഭാവി നായകനും പരിശീലകനുമടക്കമുള്ളവര്‍ അനിശ്ചിതത്തിലാക്കിയെന്നും ഗാംഗുലി പറയുന്നു. ”പന്ത് ചുരണ്ടുന്നത് വലിയ ക്രിമിനല്‍ കുറ്റമൊന്നുമല്ലെന്നത് ശരി തന്നെ. സ്റ്റീവ് സ്മിത്തും ഡാരന്‍ ലീമാനും ഡേവിഡ് വാര്‍ണറും ആ സബ്സ്റ്റിറ്റ്യൂട്ടും, വാക്കിടോക്കിയില്‍ സംസാരിച്ച, എല്ലാവരും ചേര്‍ന്നാണ് സാന്റ് പേപ്പറു കൊണ്ട് പന്ത് ചുരണ്ടാന്‍ ബാന്‍ക്രോഫ്റ്റിന് നിർദേശം നല്‍കിയത്. എന്തുകൊണ്ട് സ്മിത്ത് അത് ചെയ്തില്ല? എന്തുകൊണ്ട് വാര്‍ണര്‍ ചെയ്തില്ല? എന്തിനാണ് യുവ താരത്തെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത്?” ദാദ ചോദിക്കുന്നു.

”വാതുവയ്പോളം വലിയ ക്രിമിനല്‍ കുറ്റമൊന്നുമല്ല പന്തില്‍ കൃത്രിമം കാണിക്കുന്നത്. എന്നാല്‍ നഷ്ടപ്പെട്ടത് വിശ്വാസ്യതയാണ്. ഇവരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും പറയും. അതവരെ ജീവിതം കാലം മുഴുവന്‍ വേട്ടയാടും, ഉറപ്പ്.” ഗംഗുലി പറയുന്നു.

അതേസമയം, സ്മിത്തിനും വാര്‍ണര്‍ക്കും ലീമാനും കാര്യങ്ങള്‍ ദുഷ്‌കരമാകുമെന്നും ഗാംഗുലി അഭിപ്രായപ്പെടുന്നു. മൂവര്‍ക്കും ടീമില്‍ തുടരാന്‍ സാധിക്കില്ലെന്നാണ് കരുതുന്നതെന്നും കടുത്ത നടപടിയുണ്ടാകുമെന്നുമാണ് ഗാംഗുലി അഭിപ്രായപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook