ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിനെ വിടാതെ പിന്തുടരുകയാണ് മുൻതാരങ്ങളുടെ ഇരട്ടപദവി വിവാദങ്ങൾ. സച്ചിനും ഗാംഗുലിക്കും ഒക്കെ പുറമെ ഏറ്റവും ഒടുവിൽ രാഹുൽ ദ്രാവിഡിനും ബിസിസിഐ നോട്ടീസ് നൽകി. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഗാംഗുലിയും ഹർഭജൻ സിങ്ങും. ദൈവമേ ഇന്ത്യൻ ക്രിക്കറ്റിനെ രക്ഷിക്കൂ എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. മുൻ നായകനെ പിന്തുണച്ച് ഹർഭജൻ സിങ്ങും രംഗത്തെത്തി.

ബി.സി.സി.ഐ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്‌നാണ് ദ്രാവിഡിന് നോട്ടീസ് നല്‍കിയത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഫ്രാഞ്ചൈസി ഉടമകളാണ് ഇന്ത്യ സിമന്റ്സ്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എം.പി.സി.എ) അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡി.കെ ജെയ്ന്‍, ദ്രാവിഡിനോട് വിശദീകരണം തേടിയത്.

Also Read: വിനയായത് തന്റെ ഫോമും, വഖാറിന്റെ മോശം ക്യാപ്റ്റൻസിയും; 2003 ലോകകപ്പ് തോൽവിയെ കുറിച്ച് ഷൊയ്ബ് അക്തർ

സംഭവത്തോട് ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ ” ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ പ്രവണത…ഭിന്ന താത്പര്യം….വാർത്തകളിൽ നിറഞ്ഞ് നിൽക്കാനുള്ള മികച്ച മാർഗ്ഗം…ദൈവം ഇന്ത്യൻ ക്രിക്കറ്റിനെ രക്ഷിക്കട്ടെ….ഭിന്ന താത്പര്യ വിഷയത്തിൽ ദ്രാവിഡിനും ബിസിസിഐയുടെ നോട്ടീസ്” ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.

ഇതേങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലെന്നായിരുന്നു ഗാംഗുലിയെ അനുകൂലിച്ച് ഹർഭജൻ ട്വിറ്ററിൽ എഴുതിയത്. ” ശരിക്കും?? ഇതെങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല… ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹത്തേക്കാൾ മികച്ച ഒരാളെ കിട്ടില്ല. അവർക്ക് നോട്ടീസ് അയക്കുന്നത് അപമാനിക്കുന്നതിന് സമാനമാണ്. ക്രിക്കറ്റിന് അവരുടെ സേവനം അനിവാര്യമാണ്… അതെ ദൈവമേ ഇന്ത്യൻ ക്രിക്കറ്റിനെ രക്ഷിക്കൂ.” ഹർഭജന്റെ ട്വീറ്റ് ഇങ്ങനെ.

പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ദ്രാവിഡിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഓഗസ്റ്റ് 16-നകം അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഡി.കെ ജെയ്ന്‍ പറഞ്ഞു. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും സൗരവ് ഗാംഗുലിക്കും വി.വി.എസ് ലക്ഷ്മണും എതിരെ ഇതേ വിഷയത്തില്‍ ഡി.കെ ജെയ്ന്‍ നോട്ടീസ് അയച്ചിരുന്നു.

Also Read: ‘അയാള്‍ നമ്മുടെ ഭാവിയാണ്’; പന്തിനെ പുകഴ്ത്തി വിരാട് കോഹ്‌ലി

ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററും ആയിരിക്കെ തന്നെ ബിസിസിഐ ഉപദേശക സമിതി അംഗമായിരുന്നതാണ് ബിസിസിഐ എത്തിക്സ് ഓഫീസര്‍ വിരുദ്ധ താല്‍പര്യമെന്ന് ചൂണ്ടിക്കാട്ടിയത്. സച്ചിന്‍ മുംബൈ ഇന്ത്യന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നതായിരുന്നു ബിസിസിഐ ചൂണ്ടിക്കാട്ടിയത്. ഉപദേശക സമിതിയിലെ മറ്റൊരംഗമായിരുന്ന വിവിഎസ് ലക്ഷ്മണെതിരെയും ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള ബന്ധത്തിന്റെ പേരില്‍ ബിസിസിഐ വിരുദ്ധ താല്‍പര്യത്തിന് നോട്ടീസ് അയച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook