ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. ഇന്ത്യയ്‌ക്ക് ഒരു ലോകകപ്പ് നേടിക്കൊടുക്കാൻ ഗാംഗുലിക്ക് സാധിച്ചിട്ടില്ലെങ്കിലും കപിൽ ദേവ്, എം.എസ്.ധോണി എന്നീ ലോകകപ്പ് വിജയനായകൻമാർക്കൊപ്പം ‘ദാദ’യും ഓർക്കപ്പെടും. എന്നാൽ, ക്രിക്കറ്റിൽ തനിക്കേറ്റവും പ്രിയപ്പെട്ട നിമിഷ മറ്റൊരു നായകനായ എം.എസ്.ധോണി സമ്മാനിച്ചതാണെന്ന് ഗാംഗുലി പറയുന്നു. ഒരു ഓൺലെെൻ ക്ലാസിനിടെയാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടുത്തോളം ഏറ്റവും അനശ്വരമായ നിമിഷമാണ് 2011 ലെ ലോകകപ്പ് വിജയമെന്ന് ഗാംഗുലി പറഞ്ഞു. എം.എസ്.ധോണിയായിരുന്നു അന്ന് ഇന്ത്യയെ നയിച്ചിരുന്നത്. ധോണിയുടെ ക്യാപ്‌റ്റൻസിയിൽ ഇന്ത്യ ലോകകപ്പ് നേടിയ നിമിഷം തനിക്ക് മറക്കാൻ സാധിക്കില്ലെന്ന് ഗാംഗുലി പറയുന്നു. താൻ നായകനായിരിക്കെ 2003 ക്രിക്കറ്റ് ലോകകപ്പ് ഫെെനൽ കളിച്ച താരങ്ങൾ അടങ്ങിയതായിരുന്നു 2011 ലെ ലോകകപ്പ് ടീമെന്നും അതിൽ അഭിമാനം തോന്നുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു. 2003 ലോകകപ്പ് ക്രിക്കറ്റ് ഫെെനലിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ തോൽക്കുകയായിരുന്നു.

Read Also: അദ്ദേഹം മഹാനായ ക്രിക്കറ്റർ, എനിക്ക് പ്രതീക്ഷയുണ്ട്; ഗാംഗുലിയെ വാനോളം പുകഴ്‌ത്തി പാക് മുൻതാരം

“എന്നെ സംബന്ധിച്ചിടുത്തോളം 2011 ലെ ലോകകപ്പ് സ്വന്തമാക്കിയ ദിവസം വളരെ സുന്ദരമായ നിമിഷമാണ്. എം.എസ്.ധോണിയെ പോലൊരു മഹാനായ ക്രിക്കറ്റർ, ഇന്ത്യയെ വിജയത്തിലെത്തിച്ച ആ സിക്‌സർ നോക്കൂ! എത്ര മനോഹരമായ നിമിഷമായിരുന്നു അത്. ആ സിക്‌സർ എക്കാലവും ഓർക്കപ്പെടും. എന്തൊരു ഷോട്ടായിരുന്നു അത് ! ആ ലോകകപ്പ് നേടിയ ടീമിലെ ധോണിയടക്കമുള്ള ജൂനിയർ താരങ്ങൾ എനിക്കു കീഴിൽ കളിച്ചവരാണ്. എനിക്കതിൽ സന്തോഷവും അഭിമാനവുമുണ്ട്. ലോകകപ്പ് നേടിയ ടീമിൽ ഞാൻ വളർത്തിയെടുത്ത ഒരു പാരമ്പര്യമുള്ളതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. സ്വന്തം നാട്ടിലും വിദേശത്തും വിജയിക്കണമെന്ന ആഗ്രഹം അവരിൽ വളർത്തിയെടുക്കാൻ എനിക്ക് സാധിച്ചു.” ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ മുൻനായകനും ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷനുമായ ഗാംഗുലിയെ വാനോളം പുകഴ്‌ത്തി പാക് മുൻതാരം ഷൊയ്ബ് അക്തർ രംഗത്തെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ നേരിട്ടവരിൽ ഏറ്റവും ധീരനായ ബാറ്റ്സ്മാൻ സൗരവ് ഗാംഗുലിയാണെന്ന് അക്തർ പറഞ്ഞു. “ഫാസ്റ്റ് ബഔളിങ്ങിനെ നേരിടാൻ അദ്ദേഹത്തിന് ഭയമാണെന്നും എന്നെ നേരിടാൻ ഭയമാണെന്നും ആളുകൾ പറയാറുണ്ടായിരുന്നു. അതെല്ലാം അസംബന്ധങ്ങളായി ഞാൻ കരുതുന്നു. ഞാൻ എറിഞ്ഞ ഏറ്റവും ധീരനായ ബാറ്റ്സ്മാനായിരുന്നു സൗരവ് ഗാംഗുലി, തുടക്കത്തിലെ പന്തിൽ എന്നെ നേരിടാൻ കഴിയുന്ന ഒരേയൊരു ഓപ്പണർ, ”ഹെലോ ആപ്പിന് നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook