ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് മുന്‍ നായകന്‍ എംഎസ് ധോണിയുടെ ബാറ്റിംഗാണ്. പഴയതുപോലെ സ്‌ട്രൈക്ക് റൊറ്റേറ്റ് ചെയ്യാനോ ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യാനോ ധോണിയ്ക്ക് സാധിക്കുന്നില്ല. താരം വിരമിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്. ഇപ്പോഴിതാ ധോണിയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരവും ഏക്കാലത്തേയും മികച്ച ക്യാപ്റ്റനുമായ സൗരവ്വ് ഗാംഗുലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മിഡില്‍ ഓവറുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഡോട്ട് ബോളുകള്‍ ഉണ്ടാക്കാതെ ധോണി ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്യണമെന്നാണ് ഗാംഗുലി പറയുന്നത്. നിലയുറപ്പിക്കാന്‍ ധോണി ഒരുപാട് സമയമെടുക്കുന്നുണ്ടെന്നും നിലയുറപ്പിച്ചാല്‍ തന്നെ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്നില്ലെന്നും ഗാംഗുലി ചൂണ്ടിക്കാണിച്ചു.

” അടിക്കാന്‍ കഴിയുന്ന പൊസിഷനിലേക്ക് എത്താന്‍ ധോണിയ്ക്കു സാധിക്കണം. മധ്യ ഓവറുകളില്‍ ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്യണം. പ്രത്യേകിച്ച് 24-25 ഓവറുകളില്‍. ഇപ്പോഴദ്ദേഹം കഷ്ടപ്പെടുകയാണ്. മഹനായ താരമാണ്. പലപ്പോഴും ഇന്ത്യയ്ക്കായി സ്‌കോര്‍ മാറ്റി മറിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴതിന് സാധിക്കുന്നില്ല. ഒരു വര്‍ഷത്തിലധികമായി ഇങ്ങനെ തന്നെയാണ്.” ഗാംഗുലി പറഞ്ഞു.

നേരത്തെ ധോണിയെ വിമര്‍ശിച്ച് ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. ധോണി ഒരുപാട് സമയമെടുക്കുന്നുവെന്നും ഇത് മറ്റ് ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നുമായിരുന്നു ഗംഭീര്‍ പറഞ്ഞത്. ധോണി ഒരുപാട് ഡോട്ട് ബോളുകള്‍ കളിക്കുന്നുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു.

”ധോണി ഒരുപാട് ഡോട്ട് ബോളുകള്‍ കളിക്കുന്നു. അത് മറ്റ് ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ധത്തിലാക്കുന്നു. ധോണി ഇങ്ങനെ ബാറ്റ് ചെയ്യുന്നത് മുമ്പ് കണ്ടിട്ടില്ല. അദ്ദേഹം കൂറേക്കൂടി ആക്ടീവ് ആയി ബാറ്റ് ചെയ്യണം. മോയിന്‍ അലിയുടേയും ആദില്‍ റാഷിദിന്റെ ബൗളിംഗ് പോലെ തന്നെ ധോണിയുടെ ബാറ്റിംഗും ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ” ഗംഭീര്‍ പറയുന്നു.

പൊതുവെ മെല്ല തുടങ്ങി പിന്നീട് കത്തിക്കയറുന്നതാണ് ധോണിയുടെ ശൈലി എന്നാല്‍ ഇപ്പോള്‍ ആ ധോണിയെ കാണാനില്ല. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍. ധോണി ക്രീസിലുണ്ടെങ്കില്‍ സ്‌കോര്‍ 270-280 വരെ എത്തേണ്ടതാണ്. എന്നാല്‍ അദ്ദേഹത്തിന് ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook