വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പാരമ്പരകൾക്ക് ഒരുങ്ങുകയാണ് ഇന്ത്യ. വെള്ളിയാഴ്ച ആരംഭിക്കുന്ന പാരമ്പരയ്ക്കായി കഴിഞ്ഞ ദിവസമാണ് പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും നായകൻ ശിഖർ ധവാന്റെയും നേതൃത്വത്തിലുളള ഇന്ത്യൻ ടീം വിൻഡീസിൽ എത്തിയത്. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ടീമിന്റെ ഒരു വീഡിയോയും വൈറലായിരിക്കുകയാണ്.
ക്യാപ്റ്റൻ ധവാൻ പങ്കുവച്ച ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയാണ് വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ ധവാൻ ഇടയ്ക്ക് സഹകളിക്കാരുടെ ഒപ്പമുള്ള വീഡിയോകൾ പങ്കുവക്കാറുണ്ട്. എന്നാൽ ഇത്തവണ വീഡിയോയിൽ അപ്രതീക്ഷിതമായി രാഹുൽ ദ്രാവിഡും പ്രത്യക്ഷപ്പെടുന്നതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, യുസ്വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ് എന്നിവരും ടീം ഇംഗ്ലണ്ടിൽ നിന്ന് വിൻഡീസിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി എടുത്ത ഈ വീഡിയോയിലുണ്ട്.
ദിനേശ് കാർത്തിക്, രൺവീർ സിങ് ഉൾപ്പെടെയുള്ളവർ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ധവാൻ ഇന്നലെ പങ്കുവച്ച വീഡിയോ ഇതിനോടകം ആറ് ലക്ഷത്തിൽ അധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. യുവകളിക്കാരുമായി ദ്രാവിഡിനുള്ള ബന്ധമാണ് ക്രിക്കറ്റ്ആരാധകർ ചർച്ച ചെയ്യുന്നത്.
വെള്ളിയാഴ്ചയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസണുമുണ്ട്. രോഹിത് ശർമ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങൾക്ക് വിശ്രമം നൽകിയിട്ടുണ്ട്.