പുതിയൊരു താരത്തിന്റെ ഉദയത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിക്കുകയാണ്, ഏറെ അഭിമാനത്തോടെയും അത്ര തന്നെ പ്രതീക്ഷകളോടെയും. മുംബൈയില്‍നിന്നുമുള്ള പതിനേഴുകാരന്‍ യശസ്വി ജെയ്‌സ്വാള്‍. വിജയ് ഹസാരെ ട്രോഫില്‍ നേടിയ ഇരട്ട സെഞ്ചുറിയോടെ ഇന്ത്യയ്ക്ക് പുറത്തുള്ളവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ് ജെയ്‌സ്വാള്‍.
ആറ് വര്‍ഷം മുമ്പ്, 11-ാം വയസില്‍, മുംബൈയിലെ ആസാദ് മൈതാനത്തില്‍ മുസ്ലീം യുണൈറ്റഡ് ക്ലബ്ബിന്റെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ടെന്റില്‍ കിടന്നുറങ്ങിയ രാത്രികളില്‍ അവന്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളക്കുകയാണ്. അതിനും മുന്‍പ് പാല്‍ വില്‍പ്പന കേന്ദ്രത്തിലായിരുന്നു യശസ്വിനി അന്തിയുറങ്ങിയിരുന്നത്. അവിടെനിന്നു പുറത്താക്കിയതോടെയാണ് മൈതാനത്തെ ടെന്റിലേക്ക് മാറിയത്. പാനി പൂരി വിറ്റ് നടന്ന ആ നാളുകള്‍ ഇന്ന് വിദൂരത്താണ്.
”ഒരു വാശി അവനില്‍ കാണുന്നുണ്ട്. ഈ വാശി എല്ലാവരിലും കാണാന്‍ സാധിക്കില്ല. ഒരൊറ്റ ലക്ഷ്യം മാത്രമുള്ളവരിലെ ഈ വാശി കാണൂ” വാക്കുകള്‍ മുന്‍ ഇന്ത്യന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസവുമായ വസീം ജാഫറുടേതാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് മാഹരഥന്മാരെ സമ്മാനിച്ച മുംബൈയില്‍നിന്നു പുതിയൊരു താരം ഉയര്‍ന്നു വരുകയാണെന്ന് എല്ലാവരും ഉറപ്പിച്ചു പറയുന്നു.
Read More: ‘മധുരപ്പതിനേഴിലെ ഇരട്ട മധുരം’; 200 നേടുന്ന പ്രായം കുറഞ്ഞ താരമായി ഇന്ത്യക്കാരൻ
ഉത്തര്‍പ്രദേശിലെ ഭദോഹിയിലെ തന്റെ വീട്ടുകാരെ, താന്‍ അനുഭവിക്കുന്ന കഷ്ടതകള്‍ അറിയിക്കാതെയായിരുന്നു അന്ന് ആ പതിനൊന്നുകാരന്‍ ഓരോ ദിവസവും പിന്നിട്ടത്. തന്റെ കഷ്ടപ്പാടുകള്‍ വീട്ടുകാര്‍ അറിഞ്ഞാല്‍ ആ നിമിഷം ക്രിക്കറ്റ് മോഹങ്ങള്‍ അവസാനിക്കുമെന്ന് അവനുറപ്പായിരുന്നു. തങ്ങളുടെ മകന്‍ ബന്ധുക്കള്‍ക്കൊപ്പം താമസിച്ച് ജോലി ചെയ്യുകയാണെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. സ്വപ്‌നങ്ങളുടെ നഗരത്തില്‍ അവന്‍ തന്റെ സ്വ്പനത്തിന് പിന്നാലെ പോവുകയാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.
വീട്ടില്‍നിന്ന് അയയ്ക്കുന്ന തുച്ഛമായ തുകയ്ക്ക് ജീവിക്കുക ബുദ്ധിമുട്ടായിരുന്നു. രാം ലീല നടക്കുമ്പോള്‍ ആസാദ് മൈതാനത്ത് പാനി പൂരി വിറ്റ് അവന്‍ അത് പരിഹരിക്കാന്‍ ശ്രമിച്ചു. ചില രാത്രികളില്‍ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ കിടന്നു.
”ക്രിക്കറ്റ് മാത്രമാണ് നിങ്ങളുടെ വഴിയെങ്കിലും അതിനായി എന്ത് ത്യാഗത്തിനും തയ്യാറാകും” കഴിഞ്ഞ ഒരു വര്‍ഷമായി യശസ്വിയുടെ ഓരോ ചുവടുവയ്പ്പും വീക്ഷിക്കുന്ന ജാഫര്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ ടീമിന് വേണ്ടി ജാഫറിനൊപ്പം അവന്‍ കളിച്ചിട്ടുണ്ട്. ആ ടൂര്‍ണമെന്റില്‍ യശസ്വിയായിരുന്നു മാന്‍ ഓഫ് ദ സീരിസ്. ജാഫറിന്റെ സുഹൃത്ത് ജ്വാലാ സിങ്ങാണ് യശസ്വിയുടെ കോച്ച്.
”ഒരിക്കല്‍ കളിക്കിടെ, വസീം ഭായി എന്നോട് സ്‌ട്രെയിറ്റ് കളിക്കാന്‍ പറഞ്ഞു. ഞാന്‍ സിക്‌സ് അടിച്ചു. ഫീല്‍ഡ് ഓപ്പണായി. അതോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ എളുപ്പമായി. ഇതുപോലെ എങ്ങനെയാണ് ക്രിക്കറ്റില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതെന്ന് ഞാന്‍ അദ്ദേഹത്തില്‍നിന്ന് പഠിച്ചു. ഞാന്‍ ക്ഷമ പഠിച്ചതും അദ്ദേഹത്തില്‍ നിന്നാണ്”’ ജാഫറോടുള്ള കടപ്പാട് യശസ്വി ഒരിക്കലും മറക്കില്ല.
വസീമില്‍നിന്നു പഠിച്ച പാഠങ്ങള്‍ യശസ്വിയ്ക്ക് കഴിഞ്ഞ ദിവസവും കൂട്ടിനെത്തി. തുടക്കത്തിലെ ആക്രമിക്കാതെ സെറ്റില്‍ ആയി. പിന്നെ പതിയെ ഗിയര്‍ മാറ്റി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 12 സിക്‌സുകളും 17 ഫോറുകളുമടക്കം 154 പന്തുകളില്‍ നിന്നും 203 റണ്‍സാണ് യശസ്വി നേടിയത്. സ്‌കോര്‍ 186 ലെത്തി നില്‍ക്കുമ്പോള്‍ സ്‌കോറിങ്ങിന്റെ വേഗത കുറയ്ക്കാന്‍ സഹതാരങ്ങള്‍ യശസ്വിയോട് ആവശ്യപ്പെട്ടിരുന്നു. ആവേശം കാരണം ലക്ഷ്യത്തിലെത്തും മുന്‍പ് വീണുപോകുമോ എന്നായിരുന്നു അവരുടെ ആശങ്ക. പക്ഷെ മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ ശൈലി മാറ്റാതെ കളിക്കാന്‍ ഉപദേശിക്കുകയായിരുന്നു.
”എല്ലാം ശരിയായ ദിവസമായിരുന്നു അത്. പെട്ടെന്നുതന്നെ 150 ലെത്തി. സ്വാഭാവിക ശൈലി തുടരാന്‍ അയ്യര്‍ പറഞ്ഞതോടെ റിലാക്‌സായി. ഇരട്ട സെഞ്ചുറിയെക്കുറിച്ച് ചിന്തിച്ചതേയില്ല. ഇതുപോലൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്” നേട്ടത്തെ കുറിച്ച് താരം പറയുന്നു. പിന്നാലെ വസീം ജാഫറിന് സന്ദേശം എത്തി.
” ഞാന്‍ അവന് മെസേജ് ചെയ്തു, കൊള്ളാം. മറ്റൊരു താരവും ഒരു സീസണില്‍ തന്നെ അണ്ടര്‍ 16 നും 19 ഉം 23 ഉം രഞ്ജി ട്രോഫിയും കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവന് എന്തുമാത്രം കഴിവുണ്ടെന്നതിന്റെ തെളിവാണിത്. എല്ലായിടത്തും അവന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. 17-ാം വയസില്‍ വരുണ്‍ ആരോണിനും ഷഹബാസ് നദീമിനുമെതിരെ സെഞ്ചുറി നേടുന്നു. ഇതൊരു ചെറിയ കാര്യമല്ല,” വസീം ജാഫര്‍ പറഞ്ഞു.